ഷാർജയിൽ ഫ്ളാറ്റുകളിലെ ബാൽക്കണികളുടെ കൈവരിയുടെ ഉയരം വർധിപ്പിക്കാൻ താമസക്കാർക്ക് അനുമതി. ബാൽക്കണികളിൽ നിന്ന് കുട്ടികൾ താഴേക്ക് വീഴുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
ഷാർജ നഗരസഭയുടെ പ്രത്യേക അനുമതിയോടെയാണ് ഫ്ളാറ്റുകളിലെ താമസക്കാർക്ക് ബാൽക്കണിയിലെ കൈവരിയുടെ ഉയരം വർധിപ്പിക്കാൻ സാധിക്കുക. ഇതിനായി നഗരസഭയുടെ പരിശോധനാ വിഭാഗത്തിൽ 200 ദിർഹം നൽകി അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം കെട്ടിട ഉടമയുടെ അനുമതി പത്രവും ഹാജരാക്കണം. കൈവരിയുടെ ഉയരം കൂട്ടുന്ന ബാൽക്കണിയുടെ ഫോട്ടോയും അപേക്ഷയ്ക്കൊപ്പം നൽകണം. നഗരസഭ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണം കൈവരിയുടെ ഉയരം കൂട്ടേണ്ടത്. മാനദണ്ഡങ്ങൾ പാലിക്കുമെന്ന സാക്ഷ്യപത്രം നഗരസഭയിൽ സമർപ്പിച്ചാ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. കൈവരിയുടെ നിർമാണം പൂർത്തിയാകുന്പോൾ നഗരസഭാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഷാർജയിൽ ഉയരമുള്ള കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണുള്ള അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഈ നടപടി.