ദുബായ്. എമിറേറ്റില്‍ മൂല്യ വർധിത നികുതിയുടെ മറവിൽ അമിത വില ഈടാക്കിയ ഒന്‍പത് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സാമ്പത്തിക മന്ത്രാലയ അധികൃതർ. ' വാറ്റ് നിലവിൽ വന്നശേഷം ദിനം പ്രതിയെത്തുന്ന പരാതികൾ കൂടുകയാണെന്ന് അധികൃതർ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം നികുതിയിനത്തിൽ അമിത വില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ 71 പരാതികളാണ് ലഭിച്ചത്. നിയമം നിർദേശിച്ചതിൽ കവിഞ്ഞു തുക നികുതി ഇനത്തിൽ പിടിക്കുന്നതായാണ് പ്രധാന പരാതി. സ്ഥാപനങ്ങൾ ഈടാക്കിയ നികുതി വേറിട്ട് ബില്ലിൽ കാണിക്കാത്ത സ്ഥാപനങ്ങളുമുണ്ട്. പരാതികൾ കൂടിയതോടെ 20 വ്യാപാര സ്ഥാപന പ്രതിനിധികളെ മന്ത്രാലയ കാര്യാലയത്തിൽ വിളിപ്പിച്ചു വിശദീകരണം തേടേണ്ടി വന്നതായി ദുബായ് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോകൃത സുരക്ഷാ വകുപ്പ് തലവൻ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു.
ലൈസന്‍സ് നേടിയവര്‍ നിയമം പാലിക്കണം
മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയ മുഴുവൻ സ്ഥാപനങ്ങളും നികുതി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പരിധി വിട്ടു പണം പിടിച്ചെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഹമ്മദ് മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളുടെ വലുപ്പ ചെറുപ്പമോ പ്രവർത്തന സ്വഭാവമോ പരിഗണിക്കാതെ നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകും.
ജനങ്ങളുടെ പരാതി പ്രകാരമാണ് 20 ആളുകളോട് മന്താലയത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. പരാതികള്‍ സത്യസന്ധമാണെന്നു ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. അഞ്ചു ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കിയവരെല്ലാം നിയമം ലംഘിച്ചതായി കണക്കാക്കിയാണ് പിഴയടക്കമുള്ള ശിക്ഷ നല്‍കുകയെന്നു ലൂത്ത സൂചിപ്പിച്ചു.
പരാതികള്‍ക്ക് ഫോൺ: 600545555
പരാതികള്‍ വര്‍ധിച്ചതോടെ വിപണികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. 600545555 നമ്പറിലാണ് ദുബായ് വിപണികളിലെ ചലനങ്ങള്‍ അറിയിക്കേണ്ടത്.
അതേസമയം, അബുദാബിയില്‍ ഗ്രോസറികളും കഫ്റ്റീരിയകൾ അടക്കമുള്ള ചെറുകിട സ്ഥാപനങ്ങളും ‘വാറ്റ്’ മറയാക്കി അമിത വില ഈടാക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. പത്തു മുതൽ ഇരുപത് ശതമാനം വരെ നികുതി ഈടാക്കുന്ന ഗ്രോസറികൾ ഉണ്ടെന്നു സാമ്പത്തിക മന്ത്രാലയ അണ്ടർ സെക്രട്ടറി എഞ്ചി . മുഹമ്മദ് അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽശഹി അറിയിച്ചു.
വാറ്റ് തുക പ്രത്യേകം കാണിച്ചുള്ള ബില്ലുകളും ഗ്രോസറികളിൽ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതിനു പുറമേ ചില്ലറയില്ലെന്ന കാരണം പറഞ്ഞും കൂടുതൽ പണം പിടിച്ചെടുക്കുന്നുണ്ട്. നികുതി തുകയും സാധനത്തിന്റെ വില്പനവിലയും കണക്കാക്കാതെ ഇഷ്ടാനുസരണം വില വാങ്ങുന്നതായാണ് മന്ത്രാലയത്തിൽ ലഭിച്ച പരാതികൾ. പല ഗ്രോസറികളും സാങ്കേതിക സംവിധാനങ്ങള്‍ യഥാവിധം പ്രയോജനപ്പെടുത്താന്‍ പ്രാപ്തമായിട്ടുമില്ല. ഇതെല്ലാം പരിഗണിച്ചു ആവശ്യമായ പരിശീലനം നൽകിയ ശേഷമാണ് വിപണികൾ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചതെന്നു അൽശഹി അറിയിച്ചു.
അബുദാബിയിൽ വ്യപാര സ്ഥാപനങ്ങൾ അമിത വില ഈടാക്കുന്നതായി ബോധ്യപ്പെട്ടാൽ 6005222256 നമ്പറിൽ അറിയിക്കണമെന്നാണ് അധികൃതരുടെ നിർദേശം.