ദുബായ് കീരിടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഒമാൻ അതിർത്തിയിലെ ദുബായ് എമിഗ്രേഷന്‍റെ ഹാപ്പിനെസ് സെന്ററിന് 5-സ്റ്റാർ റേറ്റിങ് പദവി സമ്മാനിച്ചു. മികച്ച രീതിയിൽ ഉപയോക്തൃ സേവനങ്ങൾ നൽകിയതിനാണ് കേന്ദ്രത്തിന് ഇൗ പദവി സമ്മാനിച്ചത്.
രാജ്യാന്തര നിലവാരത്തിൽ സേവനങ്ങൾ നല്‍കി ഉപയോക്താകള്‍ക്ക് സന്തോഷകരമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ഗവണ്‍മെന്‍റ് ആരംഭിച്ച ഗ്ലോബൽ സ്റ്റാർ റേറ്റിങ് പ്രോഗ്രാമിന്‍റെ 5 -സ്റ്റാർ പദവിയാണ് കേന്ദ്രത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഷെയ്ഖ് ഹംദാൻ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം നൽകി ഓഫീസ് മന്ദിരത്തിൽ സ്റ്റാർ പദവി അനാച്ഛാദനം ചെയ്തത്. ദുബായിൽ ഏറ്റവും മികവാർന്ന രീതിയിൽ ഉപയോക്തൃ സേവനം നൽകുന്നവർക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിയാണ് ഗ്ലോബൽ സ്റ്റാർ റേറ്റിങ് പ്രോഗ്രാം . പരിപാടിയുടെ രണ്ടാമത്തെ സെഷനിലാണ് ഹത്ത കസ്റ്റമർ ഹാപ്പിനെസ് സെന്ററിന് അംഗീകാരം ലഭിച്ചത്.
ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു. ഉപയോക്തൃ സന്തുഷ്ടിയാണ് ഗവണ്മെമെന്റിന്‍റെ വികസന കാഴ്ചപ്പാടുകളെ മുന്നോട്ട് നയിക്കുന്നത്. സമൂഹത്തിന്‍റെ സന്തോഷകരമായ വ്യവസ്ഥികള്‍ നല്‍കുന്ന നിലപാടുകൾ സർക്കാർ സേവനങ്ങൾ കൂടുതല്‍ മേഖലയിലേക്ക് വിപുലപ്പെടുത്താൻ പ്രചോദനമാകുന്നുയെന്ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അൽ മക്തും സ്റ്റാർ അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു.
സമൂഹത്തിന്റെ അടിസ്ഥാന മൂല്യം എന്ന നിലയിൽ സന്തോഷം നിറഞ്ഞ അവസ്ഥ സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ഗ്ലോബൽ സ്റ്റാർ റേറ്റിങ് പദ്ധതി ആരംഭിച്ചത്. പൊതുജനസേവനങ്ങളില്‍ ഗവൺമെന്റ് സേവനങ്ങളുടെ വിതരണം വർദ്ധിപ്പിക്കുന്നതിന് ക്രിയാത്മകമായതും നൂതനവുമായ മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വ്യത്യസ്ത സേവന ചാനലുകളിൽ രാജ്യാന്തര നിലവാരത്തിൽ അസാധാരണമായ ഒരു ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്നതിനുള്ള ദുബായ് സർക്കാറിന്റെ ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള പദ്ധതിയെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. 5-സ്റ്റാർ റേറ്റിങ്ങിന് ഹത്ത ഓഫീസിനെ പ്രാപ്തരാക്കിയ ജീവനക്കാരുടെ സേവന മികവുകളെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ സെക്രട്ടറി ജനറല്‍ അബുള്ള ബസ്തിയും ദുബായ് എമിഗ്രേഷന്‍റെ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.