mohammed-bin-zayedl-nahyan-

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങൾ. ഇൗജിപ്ഷ്യൻ വാരികയായ അൽ അഹ്റാമാണ് മൂന്ന് ഭരണാധികാരികളെയും തിരഞ്ഞെടുത്തത്. മുഹമ്മദ് ബിൻ റാഷിദ്; അറിവിന്റെ യോദ്ധാവ് എന്ന തലക്കെട്ടിൽ ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് ലേഖനവും വാരിക പ്രസിദ്ധീകരിച്ചു. 

അദ്ദേഹം യോദ്ധാവാകുന്നതിന് മുൻപ് കവിയും ഭരണാധികാരിയാകുന്നതിന് മുൻപേ യോദ്ധാവുമാണ്. എല്ലാ ഗുണവിശേഷങ്ങളും സമന്വയിച്ച ഭരണാധികാരിയാണദ്ദേഹം. ആഴത്തിലുള്ള കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും അദ്ദേഹത്തിന്റെ സന്തതസഹചാരിയാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വാധീനം സമകാലിക ലോകത്ത് മാത്രമല്ല, വരും കാലങ്ങളിലും പ്രാധാന്യത്തോടെ നിലനിൽക്കും. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹത്തിനുള്ള ശുഷ്കാന്തി ഏറെയാണ്. 

sultan-bin-mohammed-al-qasi

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും ഷെയ്ഖ് ഡോ.സുൽത്താന്റെയും നേട്ടങ്ങളും സ്വഭാവഗുണവിശേഷങ്ങളും ചൂണ്ടിക്കാട്ടിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ, അൽ അസ് ഹറിലെ ഗ്രാൻഡ് ഇമാം പ്രഫ.ഡോ.അഹമ്മദ് മുഹമ്മദ് അൽ തായബ്, അലക്സാണ്ട്രിയയിലെ പോപ്പും  സീ ഒാഫ് സെന്റ് മാർക്കിലെ പാത്രിയാർക്കീസുമായ തൗദ്രോസ് രണ്ടാമൻ എന്നിവരും ഇൗ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമൂം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും പുതുവൽസര ദിനത്തിൽ പരസ്പരം കൂടിക്കാഴ്ച നടത്തുകയും പുതുവൽസരാശംസകൾ കൈമാറുകയും ചെയ്തു. സായിദ് വർഷത്തിന്റെ ആദ്യ ദിനത്തിൽ ഉച്ചഭക്ഷണത്തോടനുബന്ധിച്ചായിരുന്നു ഇരുവരും ദുബായിൽ കൂടിക്കാഴ്ച നടത്തിയത്. യുഎഇയുടെ സമഗ്രമായ രൂപാന്തരവും വികസനവും നടത്താനും പൗരന്മാരുടെ ശാക്തീകരണത്തിനും രാജ്യത്തോടുള്ള വിശ്വസ്തത തുടരണം. രാഷ്ട്ര നേതാക്കൾ യുഎഇയിലെ ജനങ്ങൾക്ക് പുതുവൽസരാശംസകൾ നേരുകയും ചെയ്തു. 

സ്വദേശികളുടെയും ലോകത്തിലെ ആളുകളേയും വിജയവും സമൃദ്ധിയും നിലനിർത്താൻ കഴിയട്ടെയെന്നും നേതാക്കൾ ആശംസിച്ചു. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം, യുഎഇ ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഗതാഗത വകുപ്പ് ചെയർമാനും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന്റെ ജന്മദിനത്തിന്റെ 100-ാം വർഷമായ 2018 ഒരു വർഷം നീണ്ടു നിൽക്കുന്ന സായിദ് വർഷമായി ആചരിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപീകൃതമായതു മുതൽ വിലമതിക്കുന്ന മൂല്യങ്ങളുടെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി ഈ വർഷാചരണം കൊണ്ടാടും.