പുതുവർഷത്തിൽ ചരിത്രമെഴുതി ബുർജ് ഖലീഫ. ലോക റെക്കോർഡുകളുകളുടെ തലപ്പൊക്കത്തിൽ ഒരു പിടി പൊൻതൂവലുകൾ കൂടി ചാർത്തിയാണ് ബുർജ് ഖലീഫ പുതുവർഷം ആഘോഷിച്ചത്.
ഒരു കെട്ടിടത്തിലെ ഏറ്റവും വലിയ ലെറ്റ് ആൻഡ് സൌണ്ട് ഷോ എന്നലോക റെക്കോർഡാണ് പുതുവർഷാഘോഷത്തിൽ ബുർജ് ഖലീഫ എഴുതിയത്. ഇതിനു പുറമേ ഏറ്റവും ഉയരത്തിൽ സ്ഥാപിച്ച ലേസർ ലൈറ്റും, സെർച്ച് ലൈറ്റും ബുർജ് ഖലീഫയിൽ തന്നെ. പത്തുലക്ഷത്തിലധികം പേരാണ് ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷങ്ങൾക്ക് സാക്ഷിയായത്. 7.63 കോടി ല്യൂമ്സ് ആയിരുന്നു ലൈറ്റ് ഷോയുടെ പ്രകാശതീവ്രത. ഷോയ്ക്ക് വേണ്ടി വന്ന കേബിളുകളുടെ ആകെ നീളം 29 കിലോമീറ്ററോളം വരും. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനോടുള്ള ആദരസൂചകമായാണ് ലൈറ്റ് ഷോ സംഘടിപ്പിച്ചത്. ബുർജ് ഖലീഫയ്ക്ക് പുറമേ റാസൽ ഖൈമയിലെ അൽ മർജാൻ ഐലൻഡും പുതുവർഷാഘോഷത്തിൽ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. ലോകത്തെ ഏറ്റവും ഭാരമുള്ള അമിട്ട് പൊട്ടിച്ചാണ് അൽ മർജാനിൽ പുതുവർഷത്തെ സ്വീകരിച്ചത്. ആയിരം കിലോയിലധികം ഭാരമുള്ള അമിട്ടാണ് റാസൽ ഖൈമയിൽ പുതുവർഷത്തെ സ്വീകരിക്കാൻ പൊട്ടിച്ചത്. ഈ അമിട്ടിൽ നിന്നുള്ള അഗ്നി പുഷ്പങ്ങൾ ഒരു ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് വിരിഞ്ഞത്. ഷാർജ, അബുദാബി എന്നിവിടങ്ങളിലും വിപുലമായ പുതുവർഷാഘോഷങ്ങളുണ്ടായിരുന്നു.