gulf-country-celebration-t

പുതുവർഷത്തെ വരവേൽക്കാൻ ഗൾഫ് ഒരുങ്ങി. പതിവുപോലെ ഇത്തവണയും ദുബായ് തന്നെയായിരിക്കും ഗൾഫിലെ ആഘോഷങ്ങളുടെ കേന്ദ്രം. 

 

വിപുലമായ ആഘോഷങ്ങളാണ് പുതുവർഷത്തിൻറെ ഭാഗമായി ദുബായിൽ ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയിലെ ലൈറ്റ് ഷോ ആണ് ഇത്തവണത്തെ പുതുവർഷാഘോഷങ്ങളുടെ ഹൈലൈറ്റ്. ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ഷോ എന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ബുർജ് ഖലീഫ. എന്നാൽ ഇത്തവണ ബുർജ് ഖലീഫയിൽ പുതുവർഷത്തെ വരവേറ്റ് കരിമരുന്നു പ്രയോഗം ഉണ്ടാകില്ല. ബുർജ് അൽ അറബ്, പാം ജുമൈറ, ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ സിറ്റി, ദുബായ് പാർക്ക് എന്നിവിടങ്ങ ൾ കേന്ദ്രീകരിച്ചായിരിക്കും കരിമരുന്നു പ്രയോഗം. വിവിധ രാജ്യങ്ങളിൽ പുതുവർഷം എത്തുന്ന മുറയ്ക്ക് എട്ട് കരിമരുന്നു പ്രയോഗങ്ങളായിരിക്കും ഗ്ലോബൽ വില്ലേജിലുണ്ടാവുക. ഷാർജയിലെ അൽ ഖസ്ബ, അൽ മജാസ്, അബുദാബിയിൽ യാസ് ഐലൻഡ്, അൽ മറ്യാ ഐലൻഡ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടാകും. റാസൽ ഖൈമയിളെ അൽ മർജാൻ ഐലൻഡിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുർജ് ഖലീഫയ്ക്ക് പരിസര പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഉള്ളത്. റസ്റ്റോറൻറുകളും ഹോട്ടലുകളും പുതുവർഷാഘോഷ പാക്കേജുകളുമായി വിപണിയിൽ സജീവമാണ്.