count-down-village

കൾചർ ആൻഡ് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിനു തുടക്കമായി. അബുദാബി ബ്രേക്ക് വാട്ടറിലെ ന്യൂഇയർ കൗണ്ട്ഡൗൺ വില്ലേജിൽ എമിറാത്തി ഗായകൻ മുഹമദ് അൽ ഷെഹിയുടെ സംഗീത വിരുന്നോടെയാണ് പുതുവൽസരാഘോഷം ആരംഭിച്ചത്. ഞായറാഴ്ചവരെ ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ടുവരെ പുതുവൽസര കൗണ്ടഡൗൺ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കും.

പാരിസിൽ നിന്നുള്ള സൂപ്പർ സ്റ്റാർ ഡിജെ, ഡിജെ കെസ, കനേഡിയൻ-ലെബനീസ് ഗായകൻ ഡാനി ആരിഡി, ഓറിയന്റൽ വെസ്റ്റേൺ ഫ്യൂഷൻ ബാന്റ് അർണബീറ്റ് എന്നിവരുടെ പരിപാടികളും പുതുവൽസര ആഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്നു. ബോക്‌സിങ്, എംഎംഎ, ബോഡി അറ്റാക്ക്, മയ്യ് തായ് തുടങ്ങിയ പരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ലീസ് മിൽസ് പ്രൈമൽ ജിം നയിക്കുന്ന ഫിറ്റ്‌നസ് പ്രകടനവും ശ്രദ്ധേയമായി.   

സ്വദേശി കലാകാരികളായ ഹുസൈൻ അൽ ജാസ്മി, അറബ് സൂപ്പർസ്റ്റാർ ഫൗദ് അബ്ദുൽവദ്, ഈജിപ്ഷ്യൻ മൾട്ടി ടാലന്റ്‌സ് മ്യൂസിക് സ്റ്റാർ ടമേർ ഹോസ്‌നി എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടികളും തുടർ ദിവസങ്ങളിൽ നടക്കും. യുഎഇ കേന്ദ്രമായ റോക് ബാൻഡ് ബോക്‌സ്റ്റോൺസ്, ഫങ്ക് ജാം ഗ്രൂപ്പ് കാൾ, റെഡാ മാഫിയ, വയലിനിസ്റ്റ്-ഗായകൻ ഹാനാ, അൾജീരിയൻ ബെർബർ ഗായകൻ സൂദ് മാസി എന്നിവരുടെ സംഗീത പരിപാടികളുമുണ്ടായിരിക്കും.  

ഇൗ മാസം 31 നാണ് ഏറെ കാത്തിരിക്കുന്ന കൗണ്ട്‌ഡൗൺ പ്രോഗ്രാം. തുടർന്ന് വിസ്മയകരമായ ലേസർ ലൈറ്റുകൾ, കൺഫെറ്റ് ഷൂട്ടർ എന്നിവയും 15 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്നു പ്രയോഗവും, ചിരിയുടെ രാജാവ് അലി അൽ സായ്ദിന്റെ പുതു വർഷ കോമഡി പരിപാടിയും നടക്കും. 

കൗണ്ട്ഡൗൺ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ള 40 ഓളം റീട്ടെയിൽ ഷോപ്പുകളും കുട്ടികൾക്കുള്ള വിനോദ സൗകര്യങ്ങളും ഹെറിറ്റേജ് വില്ലേജിലെ വിവിധ ശിൽപശാലകളും സന്ദർശകരെ ആകർഷിക്കും. ഞായറാഴ്ച വരെ വൈകുന്നേരം നാല് മുതൽ പുലർച്ചെ രണ്ടു വരെ വില്ലേജ് പ്രവർത്തിക്കും. പ്രവേശനത്തിന് 40 ദിർഹമാണ് ഫീസ്. ആറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.