ദുബായിയുടെ വിസ്മയങ്ങളിലേയ്ക്ക് ജാലകങ്ങൾ തുറക്കുന്ന ദുബായ് ഫ്രെയിം(ബിർവാസ് ദുബായ്) പുതുവത്സര സമ്മാനമായി 2018 ജനുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് മുൻസിപാലിറ്റി ഡയറക്ടർ ജനറൽ  ഹുസൈൻ നാസർ  ലൂത്ത പറഞ്ഞു. മാധ്യമപ്രവർത്തകർ ദുബായ് ഫ്രെയിം സന്ദർശിച്ചു.  പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബായിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കും. 

 

പ്രവേശനം രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ

 

എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് സന്ദർശകരെ അനുവദിക്കുക. മണിക്കൂറിൽ 20 പേരെ മാത്രമായിരിക്കും ദുബായ് ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. ഇതിനായി ഉടൻ പുറത്തിറക്കുന്ന മൊബൈൽ ആപ്പ് /വെബ് സൈറ്റ് വഴി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് –50, മൂന്ന് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 20 ദിർഹം ആണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.  കൂടാതെ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും കൂടെ ഒരാൾക്കും പ്രവേശനം സൗജന്യമാണ്. മണിക്കൂറിൽ 200 പേരെന്ന കണക്കിൽ പ്രതിവർഷം 20 ലക്ഷം പേർ ദുബായ് ഫ്രെയിം സന്ദർശിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമയ ക്രമമനുസരിച്ച് ടിക്കറ്റുകളെടുക്കാവുന്നതാണ്.

 

ദുബായ് പാസ്റ്റ് ഗാലറി, ദുബായ് ഫ്യൂച്ചർ ഗാലറി, സ്കൈ ഡെക്ക്, സോഷ്യൽ മീഡിയ വോൾ, കരകൗശല വസ്തുക്കളുടെ കട എന്നിവയാണ് ദുബായ് ഫ്രെയിമിന്റെ അകത്തളങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്.

 

ദുബായിയുടെ ഹൃദയഭാഗം; കണ്ണാടിപ്പാലം സവിശേഷത

 

ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സാബീൽ പാർക്കിലാണ് 150 മീറ്റർ ഉയരത്തിലും 93 മീറ്റർ വീതിയിലും സുതാര്യമായ ചില്ലുകളുടെ രണ്ട് വൻ സ്തൂപങ്ങളുമായി  ഈ അതിശയ കെട്ടിടം യാഥാർഥ്യമായത്. 93 മീറ്റർ നീളമുള്ള കണ്ണാടിപ്പാലമാണ് ഏറ്റവും വലിയ സവിശേഷത. ഇൗ പാലമുള്ള പ്രധാന ഹാളിൽ നിന്ന് പഴയ–പുതിയ ദുബായിയെ 360 ഡിഗ്രിയിൽ ആസ്വദിക്കാനാകും. വടക്ക് ഭാഗത്ത് ഷെയ്ഖ് സായിദ് റോഡിനോടു ചേർന്നുള്ള കെട്ടിടങ്ങളടങ്ങുന്ന പുതിയ ദുബായിയും, തെക്കു ഭാഗത്ത് ദെയ്റ, ഉമ്മു ഹുറൈർ, കരാമ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ പഴയ ദുബായിയും കാഴ്ചകളിൽ തെളിയും. കൂടാതെ, 50 വർഷങ്ങൾക്ക് ശേഷമുള്ള ദുബായ് എങ്ങനെയായിരിക്കുമെന്ന ഫ്യൂച്ചർ ദുബായ് വീഡിയോ പ്രദർശനം മെസനൈൻ നിലയിലുമൊരുക്കിയിട്ടുണ്ട്. മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പകൽ സ്വർണ നിറത്തിലാണ് ദുബായ് ഫ്രെയിംതിളങ്ങുന്നതെങ്കില്‍  രാത്രികാലത്ത് അതിനു നിറം മാറ്റം വരും. 

 

 

പഴയകാലത്തെ ഓർക്കാൻ മ്യൂസിയം

 

തറ നിലയിൽ ദുബായിയുടെ പുരാതനകാലം തൊട്ടുള്ള വളർച്ച പ്രതിഫലിപ്പിക്കുന്ന മ്യൂസിയം ഒരുക്കിയിരിക്കുന്നു. പഴയകാലം മറക്കാനുള്ളതല്ലെന്ന് ഒാർമപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സുവർണകാലത്തിൻ്റെ ഗന്ധം, മഞ്ഞു തുടങ്ങിയവ സ്പെഷൽ ഇഫക്ടിലൂട ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ത്രി ഡി ഇമേജിലൂടെ ഇവയെല്ലാം ആസ്വദിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. 

 

മറ്റു സവിശേഷതകള്‍

 

ലോകത്തിലെ ഏറ്റവും വലിയ സമുച്ചയം ലോകത്തിനു മുന്നിൽ സമര്‍പ്പിച്ച ദുബായ്, കെട്ടിട നിർമാണത്തിലെ പുതിയ വിസ്മയം തീർത്തിരിക്കുകയാണ് ദുബായ് ഫ്രെയിമിലൂടെ. എമിറേറ്റിന്റെ പഴയ പ്രതാപവും പുത്തന്‍  പ്രൗഢിയും ഒരു  കൂറ്റൻ കെട്ടിട 'ചട്ട'ക്കൂട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഓരോ സന്ദർശകർക്കും വടക്കു ഭാഗത്ത് ദുബായിയുടെ പഴയ കാലം കാണാം. ക്രീക്കും കടലും യാനങ്ങളും പഴയ കെട്ടിടങ്ങളും പരമ്പരാഗത തെരുവും ആകാശത്ത് നിന്നു ആസ്വദിക്കാം. മറുവശത്ത് ആധുനിക ദുബായിയുടെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുടെ  സൗന്ദര്യമാണ് ദൃശ്യവിരുന്നാവുക. ദുബായ് നഗരകാഴ്‌ചയുടെ ഇതുവരെയുള്ള ചിത്രം തന്നെ മാറുന്ന ആകാശ സഞ്ചാരവും സൗന്ദര്യ കാഴ്ചയുമാണ് ദുബായ് ബിർവാസ് പുതുവർഷം മുതൽ സമ്മാനിക്കുക. ഇതിൽ കയറുന്ന ഒരാൾ ദുബായ് മുഴുവൻ   കണ്ടിരിക്കും. എമിറേറ്റിന്റെ പൂർവകാലവും വർത്തമാന കാലവും സമ്മിശ്രമായി കാണാനുള്ള അപൂര്‍വാവസരം. 

 

മേഘങ്ങൾക്ക് നടുവിലിരുന്നു നാടുകാണുന്ന അനുഭവം സന്ദർശകർക്ക് നവ്യാനുഭവമായിരിക്കും. ആകാശത്തൊരു പാലമിട്ടു അതില്‍ നിന്നു ദൂരക്കാഴ്ചകള്‍ കാണുന്നത് ഒരു മായാസ്വപ്നമാണെങ്കില്‍  ദുബായില്‍  അടുത്ത മാസം മുതല്‍ അതു ആളുകള്‍ക്ക് അനുഭവവേദ്യമാകും. ലോകപ്രസിദ്ധ ആർക്കി

ടെക് ഫെർണാൻഡോ അഡോണിസാണ് വിസ്മയ കെട്ടിടം മാതൃക ചെയ്തത്. ടവറുകളുടെ നാടായ ദുബായില്‍  നാല് ടവറുകള്‍ മനോഹരമായി ഘടിപ്പിച്ചപോലെയാണ് ദുബായ്ബിർവാസ് നിൽക്കുന്നത്. 25 കോടി ദിർഹം ചെലവിട്ടാണ് നിർമാണം. 

 

എങ്ങനെ ദുബായ് ഫ്രെയിമിലെത്താം?

 

മെട്രോ(ചുവപ്പ് ലൈൻ) യിലൂടെ വരുന്നവർ ജാഫിലിയ്യ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. സാബീൽ പാർക്കിന്റെ നാലാം നമ്പർ കവാടത്തിലൂടെ ടിക്കറ്റെടുത്ത് അകത്തേയ്ക്ക് പ്രവേശിക്കാം. ഒന്നാം നമ്പർ ഗേറ്റിന് മുൻപിലായി വാഹനങ്ങൾ പാർക്ക് ചെയ്യാം.