പുസ്തകരചനയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് സ്വന്തം കമ്പനിയുടെ ഓഹരികൾ വരെ വിറ്റഴിച്ച വേറിട്ട അനുഭവവുമായി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 1497 മുതൽ 1750 വരെയുള്ള പോർച്ചുഗീസ് ചരിത്രം അനാവരണം ചെയ്യുന്ന 61 വാല്യങ്ങളുള്ള തന്റെ പുതിയ വിജ്ഞാനകോശം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗ്രന്ഥശേഖരത്തിന്റെ അച്ചടിച്ചെലവുകൾക്കായി സിമന്റ് ഫാക്ടറിയുടെ മുഴുവൻ ഓഹരികളും വിൽക്കേണ്ടി വന്ന അനുഭവ കഥ ഷാർജ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അറിവിനോടും ചരിത്രത്തോടുമുള്ള അടങ്ങാത്ത പ്രണയം ഒരു ഭരണാധികാരിയെ എത്രത്തോളം സ്വാധീനിക്കുമെന്നതിന്റെ നേർസാക്ഷ്യമാവുകയാണ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 'ദി പോർച്ചുഗീസ് ഇൻ ദി ഇന്ത്യൻ ഓഷ്യൻ: അനൽസ് ഓഫ് ഹിസ്റ്ററി' എന്ന 61 വാല്യങ്ങളുള്ള ബൃഹദ് ചരിത്ര ഗ്രന്ഥശേഖരത്തിന് പിന്നിലെ ത്യാഗങ്ങളും അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ അപൂർവ ചരിത്ര ശേഖരം പുറത്തിറക്കിയിട്ടുള്ളത്.
1497-ൽ വാസ്കോഡഗാമയുടെ വരവ് മുതൽ, ഗോവയിലെ വെറും കച്ചവടക്കാരായി പോർച്ചുഗീസുകാർ ഒതുങ്ങിപ്പോയ 1750 വരെയുള്ള ചരിത്രമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക പാതകളിൽ അവർ പുലർത്തിയ ആധിപത്യവും തുടർന്നുണ്ടായ വീഴ്ചകളും ഇതിൽ വിശദീകരിക്കുന്നു. ഒൻപത് വർഷത്തോളം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് രേഖകൾ ശേഖരിച്ചാണ് ഈ ഉദ്യമം പൂർത്തിയാക്കിയത്.പുസ്തകത്തിന്റെ ഭീമമായ നിർമ്മാണ ചെലവിനായി സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന ഷാർജ സിമന്റ് ഫാക്ടറിയുടെ മുഴുവൻ ഓഹരികളും വിൽക്കാൻ അദ്ദേഹം മടിച്ചില്ല.
ഗവേഷണവഴികളിലെ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മയും അദ്ദേഹം പങ്കുവെച്ചു. പോർച്ചുഗൽ, സ്പെയിൻ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന രേഖകൾ ശേഖരിച്ച് പരിഭാഷപ്പെടുത്താൻ വിദഗ്ദ്ധരടങ്ങുന്ന ഇരുപത്തിയൊൻപതംഗ സംഘത്തെ നയിച്ചത് ഫിയോണയായിരുന്നു. പദ്ധതിയുടെ അന്തിമ രേഖകൾ ഏൽപിച്ച് അഭിനന്ദനം അറിയിക്കാൻ വിളിച്ച ഫിയോണയുടെ ഫോൺ കോൾ പ്രാർത്ഥനയിലായതിനാൽ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തിരിച്ചുവിളിച്ചപ്പോഴാണ് രേഖകൾ കൈമാറി നിമിഷങ്ങൾക്കകം അവർ മരണപ്പെട്ടെന്ന വിവരം അറിയുന്നത്.
ചരിത്ര രേഖകളോട് പൂർണ്ണമായും നീതി പുലർത്തണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ അടിക്കുറിപ്പുകളിൽ മാത്രമായി ഒതുക്കണമെന്നും അദ്ദേഹം ഗവേഷകരെ ഓർമ്മിപ്പിച്ചു. പോർച്ചുഗീസുകാർക്ക് മുൻപുള്ള കാലഘട്ടവും ഡച്ചുകാരും ബ്രിട്ടീഷുകാരും ഗൾഫ് മേഖലയിൽ നടത്തിയ ഇടപെടലുകളും പറയുന്ന അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്നും ഷെയ്ഖ് ഡോ. സുൽത്താൻ അറിയിച്ചു. അറുപത് വാല്യങ്ങളുള്ള പുതിയ ചരിത്രഗ്രന്ഥം 2027-ലെ ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറങ്ങും. ഇതിനകം ശേഖരിച്ച എല്ലാ ചരിത്ര രേഖകളും ഗവേഷകർക്ക് സൗജന്യമായി തുറന്നു നൽകിയിരിക്കുകയാണ് ഈ അക്ഷരസ്നേഹിയായ ഭരണാധികാരി.