ഇറാനെതിരായ സൈനിക നീക്കത്തിന് അമേരിക്കൻ പടയൊരുക്കം ശക്തമാകുന്നതിനിടെ, മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയാണ് ചർച്ചകൾക്കായി ട്രംപിനെ ഫോണിൽ വിളിച്ചത്. അതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഗ്രീക്ക് എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു.
ഇറാനെതിരെ സൈനിക നീക്കത്തിന് യുഎസ് സെൻട്രൽ കമാൻഡ് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന സൂചനകൾക്കിടെയാണ് മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ദ്രുതഗതിയിലായത്. സമഗ്ര സമാധാന ഉടമ്പടി അടിയന്തരമായി വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ആണവ സമ്പുഷ്ടീകരണം നിർത്തണമെന്ന വ്യവസ്ഥ യുഎസ് മുന്നോട്ടുവെച്ചപ്പോൾ, തങ്ങളുടെ ആണവ രേഖകൾ ഇറാൻ ഖത്തർ വഴി വാഷിങ്ടണ് കൈമാറി.എന്നാൽ, ആണവ ചർച്ചകൾക്ക് ഇറാൻ കർശനമായ ഏഴ് നിബന്ധനകളാണ് വെച്ചിരിക്കുന്നത്. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുഎസ് സേന പിൻവാങ്ങുക, എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഒപ്പം, ഉടമ്പടി പൂർണ്ണമായി നടപ്പാക്കുമെന്ന രേഖാമൂലമുള്ള ഉറപ്പും ഇറാൻ ആവശ്യപ്പെടുന്നു.
ദേശീയ സുരക്ഷാ സമിതിയുമായി ചർച്ച നടത്തിയ ട്രംപ്, യുദ്ധകാര്യത്തിൽ വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. അതിനിടെ, മോസ്കോയിലെത്തിയ ഇറാൻ സുരക്ഷാ മേധാവി മൊഹ്സൻ റെസായി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി പുതിയ വാതക പൈപ്പ് ലൈൻ നിർമ്മാണത്തെക്കുറിച്ച് ചർച്ച നടത്തി.മറുഭാഗത്ത് സമുദ്രപാതയിൽ ആക്രമണങ്ങൾ തുടരുകയാണ്. ഹോർമൂസിലൂടെ ബഹ്റൈനിലേക്ക് നീങ്ങിയ ഗ്രീസിന്റെ എംടി വെലോസ് എന്ന എണ്ണ ടാങ്കറിന് മുകളിൽ മിസൈൽ പതിച്ച് ഒരു നാവികൻ കൊല്ലപ്പെട്ടു. ഒമാനിലെ ഖസബ് തീരത്ത് മറ്റൊരു ടാങ്കറിൽ സ്ഫോടനമുണ്ടായെങ്കിലും ആളപായമില്ലാതെ കപ്പൽ യാത്ര തുടർന്നു. അതേസമയം സൗദിയിലെ മക്ക ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ഡ്രോണുകൾ സഖ്യസേന ആകാശത്തുവെച്ച് വെടിവെച്ചിട്ടു. നജ്റാനിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തു. വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചാൽ ജനങ്ങൾ ജനാലകൾക്ക് അരികിൽ നിൽക്കരുതെന്നും വീടുകളുടെ അകത്തെ സുരക്ഷിത മുറികളിൽ കഴിയണമെന്നും സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി.