പാകിസ്ഥാൻ വംശജനായ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ഹസ്നത് ഖാനുമൊത്ത് ആഫ്രിക്കയിലേക്ക് ഒളിച്ചോടി സാധാരണ ജീവിതം നയിക്കാൻ ഡയാന രാജകുമാരി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ എഴുതിയ ‘Swan Song: Diana, My Sister’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഹസ്നത് ഖാനുമായുള്ള രഹസ്യ പ്രണയബന്ധം തുടരാനും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ മാധ്യമശ്രദ്ധയിൽനിന്ന് അകന്ന് സമാധാനപരമായ ജീവിതം നയിക്കാനുമായിരുന്നു ഡയാന ആഗ്രഹിച്ചിരുന്നതെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ.

കേപ് ടൗണിൽ പുതിയ ജീവിതം ആഗ്രഹിച്ചു

1997 മാർച്ചിൽ സഹോദരനെ കാണാൻ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴാണ് ഡയാന തന്റെ ആഗ്രഹം ചാൾസ് സ്പെൻസറുമായി പങ്കുവെച്ചത്. ഹസ്നത് ഖാനുമൊത്ത് കേപ് ടൗണിൽ താമസിക്കാനായിരുന്നു പദ്ധതി. ഇതിനായി കേപ് ടൗണിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ ഹസ്നത് ഖാന് ജോലി ലഭ്യമാക്കാൻ പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ക്രിസ്റ്റ്യൻ ബർണാർഡിന്റെ സഹായം തേടാനും ഡയാന ആലോചിച്ചിരുന്നു. ഡോ. ബർണാർഡ് ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും സാധ്യതകൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി സ്പെൻസർ പുസ്തകത്തിൽ പറയുന്നു.

ഹസ്നത് ഖാനുമായി രണ്ട് വർഷമായി ഡയാന രഹസ്യമായി പ്രണയത്തിലായിരുന്നുവെന്നും സഹോദരൻ അവകാശപ്പെടുന്നു. എന്നാൽ ഹസ്നത് പലപ്പോഴും ഫോൺ വിളിക്കാതിരുന്നത് ഡയാനയെ നിരാശപ്പെടുത്തിയിരുന്നു. ഒരുമിച്ച് സമാധാനപരമായ ജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും ബന്ധത്തിലെ ചില കാര്യങ്ങൾ ഡയാനയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പുസ്തകത്തിലെ വിശദീകരണം.

രഹസ്യ കൂടിക്കാഴ്ചകളും വിവാഹപദ്ധതിയും

മാധ്യമശ്രദ്ധയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഡയാന നടത്തിയ ചില ശ്രമങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ലണ്ടനിലെ പ്രശസ്ത ജാസ് ക്ലബ്ബിൽ പോകുന്നതിനായി ഒരിക്കൽ ഡയാന കറുത്ത വിഗ് ധരിച്ച് വേഷംമാറിയെന്നാണ് വെളിപ്പെടുത്തൽ. മറ്റൊരവസരത്തിൽ കൊട്ടാരത്തിലേക്ക് രഹസ്യമായി പ്രവേശിക്കുന്നതിനായി ഹസ്നത് ഖാൻ കാറിന്റെ ബൂട്ടിൽ ഒളിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

ഹസ്നത് ഖാനെ വിവാഹം കഴിക്കാൻ ഡയാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. രഹസ്യമായി വിവാഹം നടത്താൻ കഴിയുന്ന ഒരു പുരോഹിതനെ കണ്ടെത്താൻ വിശ്വസ്തനായ ബട്ട്ലർ പോൾ ബറലിനെ ഡയാന ചുമതലപ്പെടുത്തിയതായും സ്പെൻസർ പറയുന്നു. ഹസ്നത് ഖാന്റെ കുടുംബത്തെ കാണാൻ ഡയാന പാകിസ്ഥാൻ സന്ദർശിക്കുകയും തന്റെ മക്കളായ വില്യം രാജകുമാരനെയും ഹാരി രാജകുമാരനെയും അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാഹത്തിൽനിന്ന് ഹസ്നത് ഖാൻ പിന്മാറി

എന്നാൽ പിന്നീട് ഹസ്നത് ഖാൻ ഈ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഡയാനയുമായുള്ള ശക്തമായ പ്രണയബന്ധം നിലനിന്നിരുന്നെങ്കിലും രാജകുടുംബാംഗമെന്ന നിലയിൽ ഡയാനയ്ക്ക് ലഭിച്ചിരുന്ന കടുത്ത മാധ്യമശ്രദ്ധ തങ്ങളുടെ സാധാരണ ജീവിതത്തിന് തടസ്സമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.

2008-ൽ ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹസ്നത് ഖാൻ ഈ ആശങ്കകൾ വ്യക്തമാക്കിയിരുന്നു. ഡയാനയെ വിവാഹം കഴിച്ചാൽ തനിക്ക് ശാന്തവും സാധാരണവുമായ ജീവിതം നയിക്കാൻ കഴിയില്ലെന്ന ഭയമാണ് ബന്ധത്തിൽനിന്ന് പിന്മാറാൻ കാരണമായതെന്ന് അദ്ദേഹം അന്വേഷണത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പാരീസിലെ കാറപകടത്തിൽ ഡയാന കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഹസ്നത് ഖാനുമായുള്ള ബന്ധം അവസാനിച്ചത്. വ്യവസായി മുഹമ്മദ് അൽ ഫായിദിനും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിച്ചശേഷം മടങ്ങിയെത്തിയ ഡയാനയാണ് ഹസ്നത് ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.

വേർപിരിയലിന് പിന്നാലെ മുഹമ്മദ് അൽ ഫായിദിന്റെ മകനായ ഡോഡി അൽ ഫായിദുമായി ഡയാന പുതിയ പ്രണയബന്ധം ആരംഭിച്ചതിൽ ഹസ്നത് ഖാന് കടുത്ത അമർഷമുണ്ടായിരുന്നുവെന്നും സ്പെൻസർ അവകാശപ്പെടുന്നു. എന്നാൽ ഈ ബന്ധത്തിന് അധികനാൾ ആയുസ്സുണ്ടായില്ല. 1997 ഓഗസ്റ്റ് 31-ന് പാരീസിലുണ്ടായ കാറപകടത്തിൽ ഡയാന രാജകുമാരിയും ഡോഡി അൽ ഫായിദും കൊല്ലപ്പെട്ടു.

ENGLISH SUMMARY:

Princess Diana had planned to secretly run away to South Africa to lead a quiet, normal life with Pakistani heart surgeon Dr. Hasnat Khan, according to new revelations by her brother Charles Spencer in his book Swan Song: Diana, My Sister. Diana intended to relocate to Cape Town and even sought assistance from renowned surgeon Dr. Christiaan Barnard to secure a job for Dr. Khan at Groote Schuur Hospital. Despite her deep desire to marry Dr. Khan, he ultimately backed away from the relationship out of fear that intense media scrutiny would destroy their peace. Their two-year secret romance ended just months before Princess Diana’s tragic death in a Paris car crash in August 1997.