ലക്ഷദ്വീപിലേക്ക് സ്വകാര്യ ഉരുക്കളിൽ ചരക്ക് എത്തിക്കുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ഭരണകൂടം. ഇനി ചരക്കുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് ഒരാഴ്ച മുൻപ് പ്രത്യേക അനുമതി വാങ്ങണം.

പഴം, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തെ പുതിയ നിയന്ത്രണം ബാധിക്കുമെന്ന് ഉരു ഉടമകൾ പറയുന്നു. ആൾപ്പാർപ്പുള്ള ദ്വീപുകളിലേക്ക് സ്വകാര്യ ഉരുക്കളിൽ ചരക്ക് എത്തിക്കുന്നതിന് ഇതുവരെ ഇത്തരം നിയന്ത്രണമുണ്ടായിരുന്നില്ല. നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനും ദ്വീപിലെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ചരക്കുമായി യാത്ര തിരിക്കുന്നതിന് ഒരാഴ്ച മുൻപ് പ്രത്യേക അനുമതിക്കായി അപേക്ഷ നൽകണം. കൊണ്ടുപോകുന്ന ചരക്കുകളുടെ വിശദാംശങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ലക്ഷദ്വീപ് പോർട്ട്, ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ച ശേഷമേ ഉരുവിന് ചരക്കുമായി യാത്ര തിരിക്കാനാകൂ. അനുമതി ലഭിച്ചാൽ അതത് തുറമുഖ കാര്യാലയത്തിൽ നിന്ന് ക്ലിയറൻസും വാങ്ങണം.

അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനുപോലും ഒരാഴ്ച മുൻപ് അനുമതി വാങ്ങണമെന്ന നിബന്ധന ദ്വീപ് നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉരു ഉടമകൾ പറയുന്നു. ചരക്ക് ഉരുവിൽ കയറ്റിയ ശേഷം ഓൺലൈനായി അപേക്ഷിച്ച് അനുമതി നേടാവുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.

lakshadweep-cargo-rules:

Lakshadweep administration has imposed new restrictions on transporting goods to Lakshadweep via private boats. These new rules mandate obtaining special permission at least a week in advance for any cargo, including essential commodities like fruits and vegetables.