ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീയും. യൂറോപ്പിന്‍റെ വിവിധ സംസ്കാരങ്ങളെ അലിയിപ്പിച്ചൊഴുകുന്ന ഡന്യൂബ് നദി വറ്റിവളരുകയാണ്. ചരിത്രത്തിന്‍റെ ആഴങ്ങളില്‍ ഒളിച്ച കാഴ്ചകള്‍ തുറന്നിട്ട്. രണ്ടാംലോകയുദ്ധകാലത്തെ ബോംബും എന്നോ മുങ്ങിപ്പോയ കപ്പലും മുതല്‍ ഒരു മാമത്തിന്‍റെ ഫോസില്‍ അവശിഷ്ടങ്ങളും വരെ നദിയില്‍ കാണാം.
യൂറോപ്പിലെ ഏറ്റവും വലിയ നദികളിലൊന്നാണ് ഡന്യൂബ്. തെക്കുപടിഞ്ഞാറൻ ജർമനിയിൽ നിന്ന് ആരംഭിച്ച് കരിങ്കടലിൽ പതിക്കുന്നതിനു മുൻപ് 10 രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജലനിരപ്പ് 23 സെന്‍റിമീറ്റർ മാത്രമാണ്. ഇതോടെ, ഇതുവരെ കാണാത്ത പാറകളും മണൽത്തിട്ടകളും പഴയ കപ്പലുകളുടെ അവശിഷ്ടങ്ങളും തെളിഞ്ഞു.
ബൾഗേറിയയിൽ മണൽത്തിട്ടയിൽ ഉറച്ചുപോയ ഒരു കപ്പലിൽ നിന്ന് 186 വിനോദസഞ്ചാരികളെ പോലീസ് ചൊവ്വാഴ്ച ഒഴിപ്പിച്ചു യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും കിട്ടാതെയായതോടെയാണ് അടിയന്തര ഇടപെടല്‍ വേണ്ടിവന്നത്. ബുഡാപെസ്റ്റിൽ വിനോദസഞ്ചാരക്കപ്പലുകള്‍ തീരത്തുനിന്ന് അകന്നാണ് നങ്കൂരമിടുന്നത്. സെർബിയയിലെ നോവി സാദ് നഗരത്തിനടുത്ത്, നൂറുകണക്കിന് ചെറിയ ബോട്ടുകളും ചരക്കുകപ്പലുകളും വറ്റിവരണ്ട നദീതീരത്ത് കുടുങ്ങിക്കിടക്കുകയാണ്. ക്രൊയേഷ്യയില്‍ 1937ല്‍ മുങ്ങിപ്പോയ കപ്പലും രണ്ടാംലോകയുദ്ധകാലത്തെ ബോംബും കണ്ടെടുത്തു.
പുരാതന മാമത്തിന്‍റേതെന്ന് കരുതുന്ന ഫോസിൽ അവശിഷ്ടങ്ങൾ ലഭിച്ചത് വടക്കൻ ബൾഗേറിയയിൽ നിന്നുമാണ്.
വെള്ളമില്ലാത്തത് ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. വൈദ്യുതിക്ഷാമവും തുടങ്ങിയിട്ടുണ്ട്. വൈകാതെ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിലാണ് ഏക പ്രതീക്ഷ.