ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് ഗർഭാശയ കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാരോപിച്ച് അമേരിക്കയിൽ ഫയൽ ചെയ്ത കേസുകളിൽ ഒത്തുതീർപ്പിന് തയ്യാറായി ജോൺസൺ ആൻഡ് ജോൺസൺ. ഇതിനായി 550 കോടി നൽകാനാണ് കമ്പനിയുടെ തീരുമാനം.
യുഎസ് ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 76,000-ലേറെ കേസുകളാണ് ഈ ഒത്തുതീർപ്പിൽ ഉൾപ്പെടുന്നത്. കരാർ പ്രകാരം, ആദ്യഘട്ടമായി 2027-ൽ 3 ബില്യൺ ഡോളർ വരെ നൽകും. ശേഷിക്കുന്ന തുക 2028 മുതൽ വിതരണം ആരംഭിക്കും. ഒത്തുതീർപ്പിൽ ഉൾപ്പെടുന്ന എല്ലാവർക്കും 18 മാസത്തിനകം പൂർണ തുക നൽകാനാണ് ലക്ഷ്യമിടുന്നത്.
ടാൽക്കം പൗഡർ കേസുകളിൽ നിന്ന് ഒഴിവാകാൻ മുന്‍പ് മൂന്ന് തവണ പാപ്പരത്ത സംരക്ഷണം തേടി ജോൺസൺ ആൻഡ് ജോൺസൺ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്നാണ് കമ്പനി നേരിട്ടുള്ള ഒത്തുതീർപ്പ് ചർച്ചകളിലേക്ക് കടന്നത്. നിലവിലെ കേസുകൾക്കാണ് 5.5 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പ് ബാധകമാകുക.
അതേസമയം, തങ്ങളുടെ ടാൽക്കം പൗഡർ സുരക്ഷിതമാണെന്നും കാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അതിൽ അടങ്ങിയിട്ടില്ലെന്നുമുള്ള നിലപാടിൽ കമ്പനി ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഭാവിയിൽ ഉണ്ടാകാവുന്ന ദീർഘകാല നിയമപോരാട്ടവും വൻ നിയമച്ചെലവും ഒഴിവാക്കാനാണ് ഒത്തുതീർപ്പിന് തയ്യാറായതെന്നാണ് കമ്പനിയുടെ വിശദീകരണം.
ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ ശക്തമായതിനെ തുടർന്ന്, ജോൺസൺ ആൻഡ് ജോൺസൺ തങ്ങളുടെ പരമ്പരാഗത ബേബി പൗഡർ ആഗോള വിപണിയിൽ നിന്ന് പിൻവലിക്കുകയും പകരം ചോളം ഉപയോഗിച്ചുള്ള ബേബി പൗഡറുകൾ വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു.