ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നേട്ടത്തിലേയ്ക്ക് സൗദി അറേബ്യയിലെ ജിദ്ദ ടവർ വേഗത്തിൽ മുന്നേറുന്നു. നിർമാണത്തിന്റെ 107-ാം നില പൂർത്തിയായതോടെ ടവറിന്റെ ഉയരം 430 മീറ്റർ പിന്നിട്ടു.
ഒരു കിലോമീറ്ററിലധികം ഉയരത്തിൽ രൂപകൽപന ചെയ്ത ജിദ്ദ ടവർ നിർമാണം പൂർത്തിയാകുമ്പോൾ ദുബായിലെ ബുർജ് ഖലീഫയെക്കാൾ 180 മീറ്ററിലധികം ഉയരത്തിലായിരിക്കും ഇത്. ഇരുനൂറിലധികം നിലകളുള്ള ലോകത്തിലെ ആദ്യ കെട്ടിട സമുച്ചയമെന്ന ചരിത്രനേട്ടവും ജിദ്ദ ടവറിനെ കാത്തിരിക്കുന്നു.
2018-ൽ വിവിധ തടസ്സങ്ങളെ തുടർന്ന് നിർത്തിവെച്ച നിർമാണം അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ലാണ് പുനരാരംഭിച്ചത്. 63-ാം നിലയിൽ നിന്ന് മൂന്ന് വർഷത്തിനിടെ 44 നിലകൾ കൂടി പൂർത്തിയാക്കി 107-ാം നിലയിലെത്തിയിരിക്കുകയാണ് പദ്ധതി.
ഏകദേശം 2,000 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ജിദ്ദ ഇക്കണോമിക് സിറ്റി പദ്ധതിയുടെ ഭാഗമായ ടവർ 2028-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന നിക്ഷേപകനും കിങ്ഡം ഹോൾഡിങ് കമ്പനി ചെയർമാനുമായ പ്രിൻസ് അൽവലീദ് ബിൻ ത്വലാൽ അടുത്തിടെ നിർമാണം സന്ദർശിച്ച് പദ്ധതി 400 മീറ്റർ ഉയരം പിന്നിട്ടതായി അറിയിച്ചു.