IMAGE: X/ @RupertLowe10
ബ്രിട്ടനില്‍ പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗികചൂഷണത്തിന് വിധേയമാക്കുന്ന സംഘത്തിന്റെ ക്രൂരതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് എംപി റൂപര്‍ട്ട് ലോവ്. പാര്‍ലമെന്റില്‍ ആയിരുന്നു ക്രൂരസംഘത്തെക്കുറിച്ചും ഇരകള്‍ അനുഭവിച്ച അവസ്ഥകളെക്കുറിച്ചും എംപി വിവരിച്ചത്. ഇനിയെങ്കിലും ഈ കാര്യങ്ങളൊക്കെ ലോകമറിയണമെന്നു പറഞ്ഞാണ് എംപിയുടെ തുറന്നുപറച്ചില്‍.
സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ രണ്ടാഴ്ചത്തെ ഹിയറിങ്ങില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളാണ് എംപി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്. ഈ ഗ്യാങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസൂത്രിതമായ ലൈംഗിക പീഡനം, അക്രമം, ഭീഷണിപ്പെടുത്തൽ, വംശീയമായി ലക്ഷ്യംവെക്കൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോവ് പുറത്തുവിട്ടത്.
യുകെയിലെ 85 മേഖലകള്‍ കേന്ദ്രീകരിച്ചാണ് കുട്ടികളെ ലക്ഷ്യംവച്ചുള്ള ഈ സംഘം പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാന്‍ വംശജരായ പുരുഷന്‍മാരാണ് ഈ റേപ് ഗ്യാങ്ങുകള്‍ക്ക് പിന്നിലെന്നും പതിറ്റാണ്ടുകളായി ഇവര്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയതായി എംപി പറയുന്നു. പൊതുസംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും എംപി വ്യക്തമാക്കുന്നു.
12ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെയായിരുന്നു ഇവര്‍ പ്രധാനമായും പിടികൂടിയതെന്നും എംപി ലോവ് പറയുന്നു. 700ഓളം പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് 13കാരി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിനു പിന്നാലെ ഒഴിഞ്ഞ ജാക്ക് ഡാനിയല്‍സ് മദ്യക്കുപ്പിയെടുത്ത് ഉള്ളിലേക്ക് കടത്തിയെന്നും ഉള്ളിലിരുന്ന് പൊട്ടിയെന്നും 13കാരി പറയുന്നു. കൈകളും കാലുകളും കെട്ടിയിട്ട് ചുറ്റും നിന്ന പുരുഷന്‍മാര്‍ മാറിമാറി പീഡിപ്പിച്ചതായും ക്രൂരമായി മര്‍ദിച്ചതായും മറ്റൊരു പെണ്‍കുട്ടി പറയുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ബന്ധുക്കളെ ഉള്‍പ്പെടെ കൊലപ്പെടുത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായും ഇരകള്‍ വെളിപ്പെടുത്തുന്നു.
വെളുത്ത വര്‍ഗക്കാരായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ധാര്‍മികതയും മൂല്യവും കുറവാണെന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്ന അന്തസ് ഉള്ളവരാണെന്നും സംഘത്തിലുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞതായും ഇരകള്‍ വെളിപ്പെടുത്തുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെയും ആരാധനയേയും പരിഹസിച്ചവര്‍ നിന്റെ ദൈവം നിന്നെ ഉപേക്ഷിച്ചോ എന്നു ചോദിച്ച് ഇരയെ അപമാനിച്ചതായും വെളിപ്പെടുത്തലുകളുണ്ട്. പീഡകരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് എംപി പാര്‍ലമെന്റില്‍ പറഞ്ഞത്.
തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് ജനനേന്ദ്രിയത്തിലൂടെയും മലദ്വാരത്തിലൂടെയും രക്തമൊഴുകിയതായും നീരുവച്ചതിനെത്തുടര്‍ന്ന് ഇരിക്കാന്‍ പോലും സാധിച്ചില്ലെന്നും ഒരു 15കാരി വെളിപ്പെടുത്തുന്നു. പെരുന്നാള്‍, അവധി ദിനങ്ങളില്‍ അക്രമം കൂടുമായിരുന്നെന്നും ആ സമയത്ത് വലിയ പാര്‍ട്ടികളാണ് നടക്കാറുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡകരുടേയും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടേയും എണ്ണം ഇത്തരം സാഹചര്യങ്ങളില്‍ വര്‍ധിക്കുമെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയ ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയ കാര്യങ്ങളാണിവയെന്നും ലോ പറയുന്നു. നായയെ ഉപയോഗിച്ചു പോലും പീഡനം നടന്നതായും ഇനിയൊരു പെണ്‍കുട്ടികളും ഈ ക്രൂരത നേരിടാതിരിക്കാനാണ് ഈ തുറന്നുപറച്ചിലുകളെന്നും പെണ്‍കുട്ടികള്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
രാജ്യത്ത് നടന്ന ഈ ക്രൂരതയ്ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും എംപി പറയുന്നു. റേപ് ഗ്യാങ് അന്വേഷണറിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ബ്രിട്ടനെ എന്നന്നേക്കുമായി മാറ്റുന്നതാവും ഈ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള നടപടികളുമെന്നും ലോവ് പറയുന്നു.
2002ലാണ് ബ്രിട്ടനില്‍ പാകിസ്ഥാന്‍ വംശജരായ പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനായി വലയിലാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവരുന്നത്. അന്ന് ലേബര്‍ പാര്‍ട്ടി എംപി ആന്‍ ക്രിയര്‍, വെസ്റ്റ് യോര്‍ക്ക്ഷെയറിലെ കെഗ്‌ലേയില്‍ ഇത്തരം ക്രൂരതകള്‍ അരങ്ങേറിയതായി വെളിപ്പെടുത്തിയിരുന്നു. അന്ന് 5 പുരുഷന്‍മാര്‍ ശിക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ‘ദ ടൈംസ്’ നടത്തിയ അന്വേഷണത്തിലും സമാനമായ കുറ്റകൃത്യങ്ങളുടെ തെളിവുകളടക്കം കണ്ടെത്തി. പിന്നീട് റോച്ച്‌ഡെയ്ൽ, ഓൾഡ്‌ഹാം, ടെൽഫോർഡ്, ബ്രിസ്റ്റോൾ, ഓക്‌സ്‌ഫോർഡ്, ഹഡേഴ്‌സ്‌ഫീൽഡ്, ഹാലിഫാക്‌സ്, ബാൻബറി എന്നിവിടങ്ങളിലുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കുറ്റവാളികളെ പിടികൂടിയിരുന്നു.
വെള്ളക്കാരായ 11നും 16നും ഇടയില്‍ പ്രായമുള്ള െപണ്‍കുട്ടികളാണ് ഇരകളായവരെല്ലാം. ഭൂരിഭാം പേരും മോശം സാഹചര്യങ്ങളില്‍ വളര്‍ന്നവരായിരുന്നു. പൊതുസ്ഥലങ്ങളില്‍ വച്ചുതന്നെ ഇവരെ കണ്ടെത്തി പ്രലോഭിപ്പിച്ചും മദ്യവും മയക്കുമരുന്ന് നല്‍കിയുമാണ് ഇവരെ വലയിലാക്കുന്നത്. പീഡിപ്പിച്ച ശേഷം മറ്റു പുരുഷന്‍മാര്‍ക്ക് കൈമാറി വലിയ സെക്സ് റാക്കറ്റ് ആയി പ്രവര്‍ത്തിക്കുന്ന കേസുകളെ സൂചിപ്പിക്കാനാണ് ‘ഗ്രൂമിങ് ഗ്യാങ്സ്’എന്ന പദം ഉപയോഗിക്കുന്നത്.