വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ട്. ചോദ്യങ്ങളെ നേരിടാനുള്ള വിമുഖതയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷം തുറന്നടിച്ചിരുന്നു. ഈ ആക്ഷേപത്തിന് ബലം നല്‍കുന്ന വാര്‍ത്തകളാണ് നോര്‍വെയില്‍ നിന്ന് പുറത്തുവരുന്നത്. നോര്‍വെ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തക ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി പറയാതെ ഇറങ്ങിപ്പോകുന്ന മോദിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് താങ്കൾ മറുപടി പറഞ്ഞുകൂടെ?’ എന്നായിരുന്നു ഹെല്ലെ ലയെങ് എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ലോകരാജ്യങ്ങളില്‍ ഏറ്റവും മാധ്യമസ്വാതന്ത്യമുള്ള രാജ്യമായ നോര്‍വേയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരും പ്രമുഖരും മറുപടി പറയുന്നത് സാധാരണമാണ്. എന്നാല്‍ വേദിയിലെത്തിയ ശേഷം മോദി നോര്‍വീജിയന്‍ പ്രധാനമന്ത്രി ജൊനാസ് ഗാര്‍ സ്റ്റ്യോറിന് കൈകൊടുത്ത് നേരെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യമുയര്‍ന്നത്. എന്നാല്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ മോദി വേദി വിടുകയായിരുന്നു.

 ‘പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ല, അത് ഞാന്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) നോർവേ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, പലസ്തീൻ, യുഎഇ, ക്യൂബ എന്നീ രാജ്യങ്ങളോട് മത്സരിച്ച് ഇന്ത്യ 157-ാം സ്ഥാനത്താണ്.  ഭരണകൂടങ്ങളെ ചോദ്യം ചെയ്യുക എന്നത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും കടമയാണ്.’ എന്ന് വിഡിയോ സഹിതം പോസ്റ്റ് ചെയ്ത് ചോദ്യമുന്നയിച്ച ഹെല്ല ലയെങ് എക്സില്‍ പോസ്റ്റിട്ടു. 

'ഒളിക്കാൻ ഒന്നുമില്ലെങ്കിൽ, ഭയപ്പെടേണ്ട കാര്യവുമില്ല. ഒരു പ്രധാനമന്ത്രി കുറച്ചു ചോദ്യങ്ങൾക്ക് മുന്നിൽ പരിഭ്രാന്തനായി ഓടിയൊളിക്കുന്നത് ലോകം കാണുമ്പോൾ, അത് ഇന്ത്യയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നമ്മൾ 157-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ യഥാർത്ഥ ചിത്രം തന്നെയാണ് ഇത് എന്നെ ബോധ്യപ്പെടുത്തുന്നത്. നമ്മുടെ ജനാധിപത്യത്തെ യഥാർഥത്തിൽ സംരക്ഷിക്കണമെങ്കിൽ, ഇത്തരം ഒളിച്ചോട്ടങ്ങൾ രാജ്യത്തിന്‍റെ രാജ്യാന്തര പ്രതിച്ഛായയെ നിർണയിക്കാൻ അനുവദിക്കരുത്, മറിച്ച്, നമ്മൾ സഹകരിച്ചു പോകുന്ന ഭരണകൂടങ്ങളെ ചോദ്യം ചെയ്യുക എന്നത് എന്‍റെയും നമ്മുടെ കൂട്ടായതുമായ കടമയാണ്.’ എന്ന് വിഡിയോ റീഷെയര്‍ ചെയ്ത് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കുറിച്ചു. പി.ആര്‍. എഴുതി നല്‍കുന്നത് വായിക്കാന്‍ മാത്രമേ മോദിക്ക് കഴിയുകയുള്ളൂവെന്നായിരുന്നു ഒരിക്കല്‍ പ്രസംഗത്തിനിടെ പ്രോംപ്റ്റര്‍ തകരാറിലായപ്പോള്‍ സ്തബ്ധനായി നിന്ന മോദിയുടെ വിഡിയോ പങ്കുവച്ച് വിമര്‍ശകരുടെ കുറിപ്പുകള്‍. 

ENGLISH SUMMARY:

Prime Minister Narendra Modi faces criticism for not holding press conferences, with a recent incident in Norway highlighting this issue. A video showing him walking away from a journalist's question in the world's freest press environment has sparked debate.