Image: File,AFP
കപ്പല്‍വേധ മിസൈലുകളുമായെത്തിയ രണ്ട് യുഎസ് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ജിബൂട്ടിയിലെ യുഎസ് താവളത്തില്‍ നിന്ന് 8 കപ്പല്‍വേധ മിസൈലുകള്‍ ഘടിപ്പിച്ച രണ്ട് വിമാനങ്ങള്‍ക്കാണ് മത്തല വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചത്.
ഇതേ ദിവസം തന്നെ ഇന്ത്യയില്‍ നിന്നും മടങ്ങിയ 3 ഇറാന്‍ കപ്പലുകളും സൗഹൃദസന്ദര്‍ശനത്തിനായി ശ്രീലങ്കയുടെ അനുമതി തേടിയിരുന്നു. ഇതും ശ്രീലങ്ക നിഷേധിച്ചു. ശ്രീലങ്കയുടെ നിഷ്പക്ഷത വ്യക്തമാക്കുന്നതിനാണ് യുഎസ് ആവശ്യം തള്ളിയതെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ കയ്യടികള്‍ക്കിടെ പ്രസിഡന്റ് പറഞ്ഞു.
ചെങ്കടലിനും ഏഡൻ ഉൾക്കടലിനും ഇടയിലുള്ള നിർണ്ണായക സമുദ്ര കവാടമാണ് ജിബൂട്ടിയിലെ യുഎസ് താവളം. ഇവിടെനിന്നുള്ള വിമാനങ്ങളാണ് മാർച്ച് 4-നും 8-നും ശ്രീലങ്കയുടെ അനുമതി തേടിയിരുന്നത്. ഏത് സമ്മര്‍ദ്ദത്തിനിടെയിലും നിഷ്പക്ഷത നിലനിര്‍ത്താന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം കടുത്ത വെല്ലുവിളിയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ അതീവജാഗ്രതയോടെ തന്നെ മുന്‍പോട്ട് പോകാനാണ് ശ്രീലങ്ക ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള സൈനിക നീക്കങ്ങളിൽ ഭാഗമാകാനോ ഒരു പക്ഷം പിടിക്കാനോ താല്‍പര്യമില്ലെന്നുകൂടി ഉറപ്പിക്കുകയാണ് ശ്രീലങ്കന്‍ നേതൃത്വം. ശ്രീലങ്കയുടെ തെക്കൻ തീരമേഖലയായ ഇന്ത്യൻ മഹാസമുദ്രത്തില്‍ ഐറിസ് ദേനയക്കെതിരായ ആക്രമണവും നിലപാട് കടുപ്പിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.