അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ചിലുള്ള വസതിയായ മറലാഗോയില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരിയെ യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. റിസോർട്ടിന്റെ വടക്കൻ ഗേറ്റിലൂടെ ഉള്ളിൽ കടക്കാൻ ശ്രമിച്ച 20 വയസ്സുകാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവച്ചതെന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളുടെ പക്കൽ ഷോട്ട്ഗണും ഇന്ധന നിറച്ച കാനും ഉണ്ടായിരുന്നു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സാധാരണ വാരാന്ത്യങ്ങളില്‍ ട്രംപ് ഇവിടെ എത്താറുണ്ടെങ്കിലും സംഭവസമയം വാഷിങ്ടണ്ണിലായിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024-ൽ വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് കോഴ്‌സിൽ ഉൾപ്പെടെ രണ്ട് വധശ്രമങ്ങളെ ട്രംപ് അതിജീവിച്ചിരുന്നു.