TOPICS COVERED

ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചിത്രവാദം ഉന്നയിച്ച് ഇന്ത്യന്‍ വംശജനായ പ്രതി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭാര്യ സുപ്രിയ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായപ്പോഴാണ് പ്രതി 42കാരനായ വിക്രാന്ത് താക്കൂര്‍ വിചിത്രവാദം ഉന്നയിച്ചത്.

ജനുവരി 14ന് കോടതിയില്‍ ഹാജരായി കുറ്റസമ്മതം നടത്തിയ പ്രതി താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും എന്നാല്‍ അത് കൊലപാതകമല്ലെന്നുമാണ് പറഞ്ഞത്. ഒസ്ട്രേലിയയിലെ നിലവിലെ നിയമപ്രകാരം കൊലപാതകം ഗുരുതര കുറ്റകൃത്യമാണെങ്കിലും അത് മനപ്പൂര്‍വമല്ലെങ്കില്‍ ഗുരുതരകുറ്റമായി കണക്കാക്കില്ല. മനപ്പൂര്‍വമല്ലാത്ത നരഹത്യയായി പരിഗണിക്കപ്പെടാന്‍ അഭിഭാഷകന്റെ നിര്‍ദേശത്തെത്തുടര്‍ന്നാകും ഈ വിചിത്രവാദമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത്  ഭാര്യ സുപ്രിയ ഠാക്കൂറിനെ വീട്ടിനുള്ളില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിലെത്തിയ പൊലീസ് അബോധാവസ്ഥയിൽ കിടക്കുന്ന സുപ്രിയയെയാണ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി മരണപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏപ്രിലിലാണ് കേസിലെ അടുത്ത വാദം. ഇതിനിടെ സുപ്രിയയുടെ മകന്റെ നല്ലഭാവിയ്ക്കായി സുഹൃത്തുക്കളും കമ്മ്യൂണിറ്റി അംഗങ്ങളും ചേര്‍ന്ന് ഫണ്ട് സമാഹരണം ആരംഭിച്ചു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു സുപ്രിയയെന്നും ഒറ്റരാത്രികൊണ്ട് കുട്ടിക്ക് അമ്മയെ ഇല്ലാതായെന്നും സുഹൃത്തുക്കള്‍ പറയുന്നു. നഴ്സായി ജോലി  ചെയ്യുകയായിരുന്നു സുപ്രിയ. ഫണ്ട് സമാഹരണത്തിനായി സോഷ്യല്‍മീഡിയയിലും പ്രചാരണം നടക്കുന്നുണ്ട്. 

ENGLISH SUMMARY:

Australia Murder Case: An Indian man in Adelaide is facing murder charges for allegedly killing his wife, with the defense arguing it was not intentional; community rallies to support the victim's child after the tragic loss.