എന്താണ് കരിമേഘപടലം? സോഷ്യല്‍ മീഡിയ തിരയുകയാണ്. ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിക്കുന്നത് ഇപ്പോള്‍ കരിമേഘപടലത്തെ കുറിച്ചാണ്.
വ്യോമഗതാഗതത്തിന് തന്നെ അപകടമായ കരിമേഘപടലം അഗ്നിപര്‍വതത്തിന് ശേഷം സമീപ പ്രദേശങ്ങളിലുണ്ടാകുന്ന ചാരക്കഷ്ണങ്ങളാണ്. ഗുരുത്വാകര്‍ഷണം കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് നിലംപതിക്കും. കാറ്റിലൂടെ ഒഴുകിപ്പോകുന്ന ചെറിയ കഷ്ണങ്ങള്‍. ചെറിയ കണങ്ങള്‍ അന്തരീക്ഷത്തില്‍ ആഴ്ചകളോളം തങ്ങിനില്‍ക്കും. ചാരവും സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതകവും അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലായ സ്ട്രാറ്റോസ്ഫിയറിലേക്ക് എത്താനും സാധ്യത ഏറെ.
അഗ്നിപര്‍വത സ്ഫോടനം ശക്തമാകുംതോറും കരിമേഘപടലം അത്രത്തോളം ഉയരത്തിലും എത്തും. ചെറിയ മൂര്‍ച്ചയുള്ള പാറക്കഷ്ണങ്ങള്‍ ആയതുകൊണ്ടുതന്നെ വിമാന എഞ്ചിനുകള്‍ക്കുള്ളില്‍ പോകുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ചാരം ഉരുകും. ഉരുകിയ ചാരം തണുക്കുമ്പോള്‍ എഞ്ചിന്‍ ടര്‍ബൈന്‍ ബ്ലേഡുകളില്‍ കട്ടപിടിക്കും. എഞ്ചിന്റെ എയര്‍ ഫ്ലോയെ ഇത് കാര്യമായി ബാധിക്കും. മുന്‍വശത്തെ ഗ്ലാസുകളില്‍ പോറലേല്‍ക്കാനും സാധ്യതയുണ്ട്. വിമാനത്തിന്റെ വേഗത അളക്കുന്ന സെന്‍സറുകളില്‍ ചാരം അടിഞ്ഞുകൂടുന്നതും വെല്ലുവിളിയാണ്. ചുരുക്കി പറഞ്ഞാല്‍ എഞ്ചിന്‍ മുതല്‍ ആശയവിനിമയ സംവിധാനങ്ങളെ വരെ തടസപ്പെടുത്തുന്നതാണ് കരിമേഘപടലം.