യു.എസ്– ചൈന വ്യാപാരയുദ്ധത്തില്‍ സമവായം. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ദക്ഷിണകൊറിയയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുക്കം. നിലവിലെ വ്യാപാരക്കാരാര്‍ ഒരുവര്‍ഷം കൂടി നീട്ടിയ ട്രംപ് ചൈനയ്ക്കുമേലുള്ള താരിഫ് 10 ശതമാനം കുറയ്ക്കുകയും ചെയ്തു.
താരിഫ് തര്‍ക്കത്തില്‍ ഏറ്റവും വലിയ വന്‍ സാമ്പത്തികശക്തികളുടെ പോര് ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് സമവായത്തിന് വഴി തെളിഞ്ഞത്. പ്രശ്നം വഷളാക്കിയ അപൂര്‍വധാതു കയറ്റുമതിക്കുള്ള ചൈനീസ് നിയന്ത്രണം ഉള്‍പ്പെടെ പ്രധാന വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്ന് ബുസാനിലെ ചര്‍ച്ചയ്ക്കുശേഷം ട്രംപ് അറിയിച്ചു. അമേരിക്കയില്‍ മരണങ്ങള്‍ക്കിടയാക്കിയെന്ന് ട്രംപ് ആരോപിക്കുന്ന ഫെന്‍റയില്‍ മരുന്നില്‍ അപകടകരമായ ഘടകങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുമെന്ന് ചൈന ഉറപ്പ് നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവയില്‍ 10 ശതമാനം ഇളവ് ചെയ്തത്.
ചൈനയിലേക്കുള്ള യു.എസിന്റെ സോയാബിന്‍ ഇറക്കുമതിക്കും തീരുമാനമായെന്ന് ട്രംപ് വാഷിങ്ടണ്ണിലേക്കുള്ള മടക്കയാത്രയില്‍ അറിയിച്ചു. നിലവിലെ വ്യാപാരക്കരാര്‍ നീട്ടുന്നതിനൊപ്പം പുതിയ കരാറിനായി ചര്‍ച്ച തുടരുമെന്നും അടുത്ത ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം കുടിക്കാഴ്ചയില്‍ ചൈന ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.