പാരിസ് ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട അമൂല്യവസ്തുക്കള്‍ വീണ്ടെടുക്കാനാകുമോയെന്ന് ആശങ്ക. കൊള്ളക്കാര്‍ക്കായി ഫ്രഞ്ച് പൊലീസ് അന്വേഷണം തുടരുകയാണ്. നൂറ്റാണ്ടിന്റെ കൊള്ള നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.
ഫ്രാന്‍സിനെ ഞെട്ടിച്ച കൊള്ള നടന്ന് രണ്ടുദിവസം പിന്നിടുമ്പോഴും കൊള്ളക്കാരെക്കുറിച്ച് സൂചനകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. വൻകിട മോഷണക്കേസുകൾ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പത്തൊന്‍താം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജ്ഞിമാരുടെ ഇന്ദ്രനീലകിരീടങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് അമൂല്യവസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത് . പാരിസില്‍ തിരക്കേറിയ മ്യൂസിയത്തില്‍ ഞായറാഴ്ച രാവിലെ എട്ടുമിനിറ്റിലാണ് പെരുംകൊള്ള നടന്നത്. സിസിടിവി ദൃശ്യങ്ങൾ, ഫോൺ ലൊക്കേഷനുകള്‍, ഫോറൻസിക് തെളിവുകൾ എന്നിവയിലൂന്നിയാണ് അന്വേഷണം. കൊള്ളക്കാര്‍ പിടിയിലായാലും കവര്‍ന്ന അമൂല്യ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ കഴിയുമോയെന്ന ആശങ്ക ശക്തമാണ്. രത്നങ്ങളും വജ്രങ്ങളും മുറിച്ചാല്‍ ഇവ വീണ്ടെടുക്കാനാകില്ല. പിടിവീഴുമെന്ന് ഉറപ്പായാൽ മോഷ്ടാക്കൾ കവർച്ചമുതൽ ഉപേക്ഷിക്കാനും നശിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍ അതിവേഗം തുമ്പുണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ലൂവ്ര് കവര്‍ച്ചയ്ക്കുപിന്നാലെ ഫ്രാന്‍സിലെ ഉള്‍പ്പെടെ യൂറോപ്പിലെ പ്രധാന മ്യൂസിയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു. കൊള്ളയെ തുടര്‍ന്ന് അടച്ച ലൂവ്ര് മ്യൂസിയം തുറക്കുന്നതില്‍ തീരുമാനമായിട്ടില്ല.