ഗാസയില്‍ കനത്ത ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ വെടിനിര്‍ത്തലിലേക്ക് തിരിച്ചുവന്നതായി ഇസ്രയേല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സമാധാനത്തിലേക്ക് തിരിച്ചുവന്ന മേഖലയില്‍ അതിനുശേഷമുണ്ടായ എറ്റവും മോശം ദിവസമായിരുന്നു ഇന്നലെ. സമാധാനക്കരാര്‍ ലംഘിച്ച് ഹമാസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളില്‍ 44 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. രണ്ട് ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു.
സൈന്യത്തിനുനേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തിയത്. തെക്കൻ റഫാ മേഖലയിൽ സൈനികർക്കു നേരെയുണ്ടായി ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍സേന പറഞ്ഞു. ഇതിനു മറുപടിയായി ഇരുപതോളം വ്യോമാക്രമണങ്ങളാണ് തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയത്.