തൊണ്ടയില്‍ മിഠായി കുടുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിയ കുഞ്ഞുസഹോദരനെ അദ്ഭുതകരമായി രക്ഷിച്ച് 10വയസുകാരി. യുഎസിലെ ടെക്സസിലാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വിഡിയോ പ്രചരിച്ചതോടെ അഭിനന്ദനപ്രവാഹമാണ് ഈ സ്നേഹമയിയും ബുദ്ധിമതിയുമായ ചേച്ചിയ്ക്ക്.
ലാവണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ പ്രോഗ്രാം അഡ്മിനിസ്ട്രേറ്ററുടെ മകളായ ലേ ജെയിംസ് ആണ് സമയോചിതമായ ഇടപെടലിലൂടെ സഹോദരന്‍റെ ജീവന്‍ രക്ഷിച്ചത്. ട്രാംപൊളിനുള്ളില്‍ ‘സോര്‍ കാന്റി ചലഞ്ച്’ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരും രണ്ടുവശത്തു നിന്ന് കാമറയില്‍ കാണുന്നവിധം കളിക്കാനായി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ മിഠായി വായിലിട്ട് കുട്ടി ചാടുന്നതും കാണാം. എന്നാല്‍ പെട്ടെന്ന് കുട്ടി നിശബ്ദനാവുന്നതും അസ്വസ്ഥനാവുന്നതും കണ്ട് ലേയ്ക്ക് കാര്യം ബോധ്യപ്പെട്ടു. ‘യു ഓകെ’? എന്ന് രണ്ടു തവണ ചോദിച്ചതിനു പിന്നാലെ സഹോദരന്‍റെ അടുത്തുവന്ന് പുറത്ത് അടിക്കുന്നതും ഇത് പ്രായോഗികമല്ലെന്നു തോന്നിയപ്പോള്‍ പുറകില്‍ നിന്നും പിടിച്ച് അമര്‍ത്തുന്നതും കാണാം. ഇതോടെ കുട്ടി മിഠായി അടക്കം പുറത്തേക്ക് ഛര്‍ദിക്കുന്നു.
അപകടം തരണം ചെയ്തെന്ന് ബോധ്യപ്പെട്ട ലേ പെട്ടെന്നുവന്ന് കാമറ ഓഫ് ചെയ്യുന്നതും കാണാം. ലാവണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ഈ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. ഹീറോ ആവാന്‍ പ്രായം ഒരു തടസമല്ലെന്ന് ലേ തെളിയിച്ചുവെന്നാണ് ലാവണ്‍ പൊലീസ് വിഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും പ്രചോദനമാണീ പെണ്‍കുട്ടിയെന്നാണ് വിഡിയോ കണ്ട് അമ്പരന്ന ഉപയോക്താക്കളുടെ പ്രതികരണം. ‘റിയല്‍ ലൈഫ് ഹീറോ’യെന്നാണ് ലേയെ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഈ പ്രായത്തില്‍ തന്നെ കുട്ടിയെ അത്തരം സുരക്ഷാരീതികള്‍ പഠിപ്പിച്ച മാതാപിതാക്കള്‍ക്കും മികച്ച കയ്യടിയാണ് ലഭിക്കുന്നത്.