buffet

TOPICS COVERED

സ്വിറ്റ്‌സർലൻഡ് യാത്രക്കിടെ ഒരു ഹോട്ടലിലെ അനുഭവം പങ്കുവച്ച ഇന്ത്യന്‍ ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി മാത്രമായി ഹോട്ടലില്‍ കണ്ട നോട്ടീസിനെ പറ്റി അര്‍ഷിത ധംനാസ്കര്‍ എന്ന ഡോക്​ടറാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചത്. ബുഫെയില്‍ ഭക്ഷണങ്ങള്‍ പാക്ക് ചെയ്​തുകൊണ്ട് പോകരുതെന്നാണ് ഇന്ത്യക്കാരെ പ്രത്യേകമായി അഭിസംബോധന ചെയ്​ത് നോട്ടീസ് പതിച്ചിരുന്നത്. സന്ദേശം തന്നെ വേദനിപ്പിച്ചുവെന്നും കുറിപ്പില്‍ അര്‍ഷിത് പറഞ്ഞു.  

'കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ കുടുംബത്തോടൊപ്പം സ്വിറ്റ്‌സർലൻഡിലായിരുന്നു. ഹോട്ടൽ മുറിയുടെ വാതിലിനു പിന്നിൽ ഒരു നീണ്ട സന്ദേശം ഉണ്ടായിരുന്നു: 'ബുഫെയിലെ ഭക്ഷണങ്ങള്‍ പായ്ക്ക് ചെയ്തെടുക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് പ്രത്യേകം പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ തരാം,' എന്നാണ് എഴുതിയിരിക്കുന്നത്. 

ഹോട്ടൽ ബുഫെകളില്‍ പലപ്പോഴും "അൺലിമിറ്റഡ്" എന്ന് പരസ്യപ്പെടുത്താറുണ്ടെങ്കിലും, അത് അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. അണ്‍ലിമിറ്റഡിന്‍റെ അര്‍ഥം അത് ബാഗില്‍ പൊതിഞ്ഞെടുത്തുകൊണ്ട് പോയി, ജീവിതകാലം മുഴുവന്‍ സൗജന്യഭക്ഷണം കഴിക്കാമെന്നല്ല. അങ്ങനെ ഒരു നോട്ടീസ് വച്ചതിന്‍റെ കാരണം എനിക്ക് മനസിലായി. എന്നാല്‍ എന്നെ വേദനിപ്പിച്ചത് അതല്ല, ആ നോട്ടീസില്‍ ആരുടെ പേരും വെക്കാമായിരുന്നു, അല്ലെങ്കില്‍ എല്ലാവര്‍ക്കുമായിട്ടുള്ള നോട്ടീസ് ആക്കാമായിരുന്നു. എന്നാല്‍ അവിടെ പ്രത്യേകമായി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് തുടങ്ങിയത്,' കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ കമന്‍റില്‍ പ്രതിഷേധമുയര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെയുള്ളവര്‍ ഇത്തരം പ്രവണതകള്‍ കാണിക്കാറുണ്ടെന്നും എന്നാല്‍ ഇന്ത്യക്കാരെ മനപ്പൂര്‍വം അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം അറിയിപ്പുകളെന്നും പലരും കമന്‍റില്‍ കുറിച്ചു. 

ENGLISH SUMMARY:

Switzerland travel experiences are often memorable, but sometimes cultural misunderstandings arise. This article discusses an Indian doctor's experience in a Swiss hotel where a notice specifically addressed to Indian tourists regarding buffet etiquette sparked debate.