bilawal-bhutto

 പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണിക്കു പിന്നാലെ ഇന്ത്യക്കെതിരെ ബിലാവല്‍ ഭൂട്ടോയും രംഗത്ത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യന്‍ നടപടി വിമര്‍ശിച്ചാണ് ഭൂട്ടോ കടുത്ത വാക്കുകളുമായി രംഗത്തെത്തിയത്. ഇന്ത്യ പാക്കിസ്ഥാന് ജലം നല്‍കിയില്ലെങ്കില്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ല. യുദ്ധം ചെയ്താല്‍ ഇന്ത്യ ഉറപ്പായും പരാജയപ്പെടും. നരേന്ദ്രമോദി സര്‍ക്കാറിന്റെ ചെയ്തികള്‍‍കൊണ്ട് പാക്കിസ്ഥാന് വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നതെന്നും മുന്‍ വിദേശകാര്യമന്ത്രി കൂടിയായ ബിലാവല്‍ ഭൂട്ടോ പറയുന്നു.

ഇന്ത്യക്കെതിരേയും മോദി സര്‍ക്കാറിനെതിരേയും ഒറ്റക്കെട്ടായി നില്‍ക്കാനും ബിലാവല്‍ പാക് ജനതയോട് ആവശ്യപ്പെടുന്നു. സംഘര്‍ഷം ആരംഭിച്ചത് ഇന്ത്യയാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ആക്രമണത്തിനാണ് ഇന്ത്യയുടെ ഉദ്ദേശ്യമെങ്കില്‍ പരാജയപ്പെടുത്തുമെന്നും ബിലാവല്‍. ജലയുദ്ധം തുടര്‍ന്നാല്‍ ആറ് നദികളുടെ അധികാരം പിടിച്ചടക്കുമെന്നും ബിലാവല്‍ വ്യക്തമാക്കുന്നു. സിന്ധു,രവി, ബിയാസ്, സത്‌ലജ്, ഝലം, ചെനാബ് എന്നീ നദികളുടെ നിയന്ത്രണം സ്വന്തമാക്കുമെന്നാണ് ബിലാവല്‍ കൂട്ടിച്ചേര്‍ത്തത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ്, എന്നീ നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കരാർ പാക്കിസ്ഥാന് അനുകൂലമായതിനാൽ അവർ ഇതിനു തയാറല്ല. അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്.

ആണവരാഷ്ട്രമാണെന്നും പാക്കിസ്ഥാനെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ ഒരു യോഗത്തിൽ അസിം മുനീർ പറഞ്ഞത്.സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കുമെന്നും പിന്നാലെ മിസൈൽ അയച്ച് തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

India-Pakistan relations are currently strained. Bilawal Bhutto threatens war over water disputes, following Asim Munir's nuclear threats, escalating tensions between the two nations.