സ്യൂട്ടിട്ട ഒസാമ ബിന്‍ ലാദനാണ് പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീര്‍ എന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. മുനീറിന്റെ സമീപകാല ആണവ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനമുയരുന്നത്. പാക്കിസ്ഥാന്‍ മുഷ്ക്ക് കാണിക്കുന്ന നിയമവിരുദ്ധ രാജ്യമായി മാറിക്കഴിഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയായ ഒസാമ ബിന്‍ ലാദനുമായാണ് മൈക്കിള്‍ റൂബിന്‍ മുനീറിനെ താരതമ്യം ചെയ്തത്.
അമേരിക്കന്‍ മണ്ണില്‍ നിന്നുകൊണ്ടുള്ള പാക്കിസ്ഥാന്റെ ഭീഷണികള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പാകിസ്ഥാന്റെ ആണവ ഭീഷണികൾ തീവ്രവാദികൾക്ക് ആണവായുധങ്ങളുമായി മറഞ്ഞുനില്‍ക്കാനിടം നല്‍കുമെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പോലും പാക്കിസ്ഥാന് സാധിക്കാതെ വരികയാണോ എന്ന സംശയവും അദ്ദേഹം ഉയര്‍ത്തുന്നു.
ഫീൽഡ് മാർഷൽ അസിം മുനീറിന്റെ സമീപകാല പ്രസ്താവനകളെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നത്. പാക്കിസ്ഥാൻ തകർന്നാൽ ലോകത്തിന്റെ പകുതിയെയും കൂടെ കൊണ്ടുപോകും എന്ന മുനീറിന്റെ വാക്കുകളാണ് വിവാദത്തിനു തുടക്കമിട്ടത്. യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഒരു യോഗത്തിലായിരുന്നു അസിം മുനീറിന്റെ വിവാദ പരാമര്‍ശം.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്ന അസിം മുനീറിനെതിരെ ശക്തമായ നയതന്ത്ര നടപടിക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ,പാക്കിസ്ഥാൻ വിശദീകരണം നൽകുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നത് വരെ അസിം മുനീറിനെ യുഎസ്എയിൽ ‘അനാവശ്യ വ്യക്തി’ ആയി പ്രഖ്യാപിക്കണമെന്നും അദ്ദേഹത്തിനോ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്കോ അമേരിക്കൻ വീസ നല്‍കരുതെന്നും മൈക്കിള്‍ റൂബിന്‍ ആവശ്യപ്പെടുന്നു.
മുനീറിന്റെ ആണവയുദ്ധ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചിരുന്നു. ആണവ ഭീഷണി മുഴക്കുന്നത് പാക്കിസ്ഥാന്റെ പതിവ് തന്ത്രമാണെന്നും, സൗഹൃദപരമായ ഒരു മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവനകൾ വന്നതിൽ ഖേദമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.