AI Generated Image
വിചിത്രം, അതേസമയം അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്നതും. സ്വീഡനില്‍ സംഭവിച്ച ഒരു മെഡിക്കല്‍ അവസ്ഥയെക്കുറിച്ച് ഇങ്ങനെയേ പറയാനാകൂ. അച്ഛന്‍റെ നെഞ്ചത്തുകിടന്നുറങ്ങുന്നത് ശീലമാക്കിയ കുഞ്ഞിന് മൈക്രോപെനിസ് (വികസിക്കാത്ത പുരുഷ ലൈംഗികാവയവം) വളര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പിതാവ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അടങ്ങിയ ജെല്‍ പുരട്ടിയിരുന്നതാണ് ഈ അസാധാരണ അവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍മത്തില്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ സമ്പര്‍ക്കത്തിലൂടെ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് സമാനമായ അര ഡസന്‍ കേസുകള്‍ തനിക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് ഒരു സ്വീഡിഷ് ഡോക്ടര്‍ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്നത് യഥാര്‍ത്ഥ പുരുഷലൈംഗികാവയവമല്ലെന്നും വികസിക്കാത്ത അവസ്ഥയാണെന്നും വിദഗ്ധര്‍ പറയുന്നു. പിതാവിന്‍റെ ചര്‍മത്തില്‍ ഉണ്ടായിരുന്ന ടെസ്റ്റോസ്റ്റിറോണ്‍ ജെല്‍ ആണ് പെണ്‍കുഞ്ഞില്‍ പുരുഷസ്വഭാവമുള്ള ജനനേന്ദ്രിയ മാറ്റങ്ങള്‍ക്ക് കാരണം.
ശരീരത്തില്‍ വേണ്ടത്ര ലൈംഗിക ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയില്‍ ടെസ്റ്റോസ്റ്റിറോണ്‍ ജെല്‍ ഉപയോഗിക്കാറുണ്ട്. ഹൈപ്പോഗൊനാഡിസം ഉള്ള പുരുഷന്‍മാര്‍ക്ക് സാധാരണ നല്‍കുന്ന മരുന്നാണിത്. 45 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരില്‍ 40 ശതമാനത്തോളം പേർക്കും 80 വയസ്സിൽ കൂടുതൽ പ്രായമുള്ള പുരുഷന്മാരിൽ പകുതി പേർക്കും ടെസ്റ്റോസ്റ്റിറോൺ അളവ് കുറവായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ ലൈംഗികാസക്തി, ഉദ്ധാരണക്കുറവ്, ക്ഷീണം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, പേശീക്ഷയം എന്നിവയുൾപ്പെടെ പലതരം ലക്ഷണങ്ങൾക്ക് ഈ മരുന്ന് ഉപയോഗിച്ചുള്ള ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്മെന്റ് തെറാപ്പി (TRT) നടത്താറുണ്ട്.
ഈ ജെല്ലിന്റെ അപകടസാധ്യത അറിയാതെയാണ് പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു കിടത്തിയത്. ഇത് കുഞ്ഞിന് ഉയര്‍ന്ന തോതിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഏല്‍ക്കാന്‍ കാരണമായി. പെണ്‍ അവയവം പതിയെ പുരുഷലിംഗത്തിനു സമാനമായ രീതിയില്‍ വളരാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. രക്തപരിശോധനകളിലൂടെ സംഭവിച്ചതെന്തെന്ന് വ്യക്തമായി.
ആദ്യമായല്ല ഇത്തരം സംഭവങ്ങളെന്ന് സാല്‍ഗ്രന്‍സ്ക ആശുപത്രിയിലെ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് പ്രൊഫസർ ജോവന്ന ഡാൽഗ്രെൻ പറഞ്ഞു. അമ്മ ഉപയോഗിച്ചിരുന്ന ഈസ്ട്രജൻ ക്രീമുമായി സമ്പർക്കത്തിൽ വന്നതിനുപിന്നാലെ 10 വയസ്സുകാരനായ ഒരു ആൺകുട്ടിക്ക് മാറിടം വളർന്ന സംഭവവും പ്രഫസര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സമ്പര്‍ക്കം അവസാനിപ്പിക്കുന്നതോടെ തന്നെ ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍