ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടണിലെ ഇസ്കോണ്‍ ഗോവിന്ദ റെസ്റ്റോറന്‍റില്‍ ബ്രിട്ടീഷ് ആഫ്രിക്കന്‍ യുവാവ് കയറി കെഎഫ്സി ചിക്കന്‍ ഫ്രൈ കഴിച്ച വാര്‍ത്ത പുറത്തു വന്നത്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ജീവനക്കാരുെട മറുപടിക്ക് പിന്നാലെ തന്‍റെ ബാഗില്‍ നിന്നും കെഎഫ്സി ഫ്രൈഡ് ചിക്കന്‍ എടുത്ത് യുവാവ് കഴിക്കാന്‍ ആരംഭിക്കുകയും ജീവനക്കാരോട് ചിക്കന്‍ ഫ്രൈ നീട്ടി വേണോയെന്ന് ചോദിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ രൂക്ഷമായ പ്രതിഷേധം തന്നെ ഉടലെടുത്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയെന്നോണം ഇസ്കോണ്‍ ഗോവിന്ദ ഭക്തര്‍ കെഎഫ്സിക്ക് മുന്നില്‍ നടത്തിയ ഭജനയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹരേ രാമ ഹരേ കൃഷ്ണ എന്ന് ഉറക്കെ പാടിയും വാദ്യോപകരണത്തില്‍ കൊട്ടിയുമാണ് ഭക്തര്‍ കെഎഫ്സിക്ക് മുന്നില്‍ ഭജന തുടങ്ങിയത്. പ്രതിഷേധം എന്നതിലുപരി സൗഹാര്‍ദപരമായിട്ടുള്ള സംഭവം എന്ന നിലയിലാണ് വിഡിയോ പ്രചരിക്കുന്നത്. ഹരേ രാമ പാടുമ്പോള്‍ കെഎഫ്സിയിലെ ജീവനക്കാരെ ഒപ്പം പാടാനും നൃത്തം ചെയ്യാനും ഇസ്കോണ്‍ ഭക്തര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇതിന് പിന്നാലെ കെഎഫ്സി ജീവനക്കാര്‍ ഭജനയുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നതും കാണാം. ഭക്തര്‍ക്കൊപ്പം ജീവനക്കാര്‍ കെഎഫ്സിക്കുള്ളിലിരുന്ന് ഹരേ രാമ പാടുകയും കൈകള്‍ കോര്‍ത്തു പിടിച്ച് വട്ടത്തില്‍ നൃത്തം ചെയ്യുകയും ചെയ്യുന്നതും കാണാം.
വിഡിയോയ്ക്ക് താഴെ ഇസ്കോണ്‍ ഭക്തരെയും കെഎഫ്സി ജീവനക്കാരെയും പ്രശംസിച്ച് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 'ഭജന കേട്ട് ചിക്കന്‍ ഫ്രൈ എന്ജോയ് ചെയ്യാം', 'ഇതാണ് മധുര പ്രതികാരം' എന്നടക്കം കമന്‍റുകളുണ്ട്. എന്നാല്‍ പോസ്റ്റിന് താഴെ 'വെജിറ്റേറിയന്‍സ് നോണ്‍ വെജിറ്റേറിയന്‍സിനെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നു പക്ഷെ നോണ്‍ വെജിറ്റേറിയന്‍സ് അത് എന്‍ജോയ് ചെയ്യുന്നു', 'ഇസ്കോണ്‍ ഭക്തരെ മയൊണൈസ് ഒഴിച്ച് ഓടിക്ക്' എന്നടക്കം കമന്‍റുകളുണ്ട്.
ഇസ്കോണ്‍ റസ്റ്റൊറന്‍റില്‍ നിന്നും കെഎഫ്സി കഴിച്ച ആഫ്രിക്കന്‍ യുവാവ് ഇതിനിടെ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. താന്‍ തമാശ രൂപത്തിലാണ് ഒരു പ്രവര്‍ത്തി ചെയ്തത് എന്നും ഇസ്കോണിന് ഹിന്ദുക്കള്‍ക്കിടയില്‍ ഇത്ര പ്രാധാന്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും. തന്‍റെ പ്രവര്‍ത്തി ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പറഞ്ഞായിരുന്നു യുവാവിന്‍റെ ക്ഷമാപണം.