അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന യു.എസ് മാധ്യമ വാര്‍ത്ത തള്ളി യു.എസ് ഏജന്‍സി. അപകട കാരണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അകാലത്തിലുള്ളതും അനുമാനങ്ങളുമാണെന്ന് യുഎസ് നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് മേധാവി ജെന്നിഫർ ഹോമൻഡി വ്യക്തമാക്കി.
ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക റിപ്പോർട്ടാണ് പുറത്തിറക്കിയത്, ഇത്രയും വലിയ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ഇക്കാര്യത്തില്‍ ബ്യൂറോയെയും അന്വേഷണത്തെയും പൂര്‍ണമായും പിന്തുണയ്ക്കുന്നത് തുടരുമെന്നും യു.എസ് ഏജന്‍സി എക്സില്‍ കുറിച്ചു.
ദ് വാൾ സ്ട്രീറ്റ് ജേണലാണ് അപകടത്തിനുപിന്നില്‍ ക്യാപ്റ്റനാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് തള്ളിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചാണ് യു.എസ് ഏജന്‍സിയുടെ പ്രതികരണം.