taliban-wedding

അഫ്ഗാനിസ്ഥാനിലെ സ്ഥിരം കാഴ്ചയാണ് ശൈശവ വിവാഹം. താലിബാന്‍ ഭരണത്തിലുള്ള ഇവിടെ ഒരു ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള നാല്‍പത്തിയഞ്ചുകാരന്‍റെ ശ്രമത്തെ താലിബാന്‍ തടഞ്ഞതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിക്ക് ഒന്‍പത് വയസാകും വരെ കാത്തിരിക്കണമെന്ന് താലിബാന്‍ പറഞ്ഞതായാണ് വാര്‍ത്ത. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാല്‍പത്തിയഞ്ചുകാരന്‍ വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇയാള്‍ക്ക് നിലവില്‍ രണ്ട് ഭാര്യമാരുണ്ട്,  അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ താലിബാന്‍ സംഘം വിവാഹം നടത്താന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു താലിബാന്‍റെ നിര്‍ദ്ദേശം. അതേസമയം പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ച താലിബാന്‍ 45 -കാരനോട് പെണ്‍കുട്ടി ഒമ്പത് വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു കേസ് അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2021-ൽ രണ്ടാമതും അധികാരത്തിലേറിയ താലിബാന്‍ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

ENGLISH SUMMARY:

Child marriage, a prevalent issue in Afghanistan, has once again made headlines as the Taliban authorities reportedly intervened to prevent a 45-year-old man from marrying a six-year-old girl. According to reports, the Taliban stated that the marriage could not proceed until the girl reaches the age of nine.