മുപ്പതോ നാല്‍പതോ വര്‍ഷംകൂടി ജീവിക്കുമെന്ന് ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമ. 130 വയസുവരെ ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന തൊണ്ണൂറാം പിറാന്നാള്‍ ആഘോഷത്തിന് മുന്നോടിയായി അനുയായികള്‍ ദീര്‍ഘായുസിന് വേണ്ടി നടത്തിയ പ്രാര്‍ഥനയിലാണ് ദലൈലാമയുടെ പ്രതികരണം.
130 വയസുവരെ ജീവിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള സൂചനകള്‍ കാണുന്നുണ്ടെന്നും ദൈവാനുഗ്രഹം ലഭിച്ചെന്നും ദലൈലാമ പറഞ്ഞു. പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ചൈനയുമായി ഭിന്നത രൂക്ഷമായി തുടരുമ്പോഴാണ് പതിനഞ്ചാം ദലൈലാമ ഉടനില്ലെന്ന സൂചന നല്‍കുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും രാവിലെ ധരംശാലയില്‍ എത്തി ദലൈലാമയെ കണ്ട് പിറന്നാള്‍ ആശംസ നേര്‍ന്നു. കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങും ആഘോഷത്തില്‍ പങ്കെടുക്കും.
നാളെയാണ് ദലൈലാമയുടെ തൊണ്ണൂറാം പിറന്നാള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്യാസി വര്യന്‍മാരും രാഷ്ട്രീയ നേതാക്കളും ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.