A first responder searches an area along the Guadalupe River that hit by flash flooding, Friday, July 4, 2025, in Kerrville, Texas. AP/PTI(AP07_05_2025_000069A)
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇരുപത്തിമൂന്ന് പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. ക്യാംപ് മിസ്റ്റിക് സംഘടിപ്പിച്ച ഗ്വാഡലൂപ്പെ നദീതീരത്തെ സമ്മര് ക്യാംമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ടാണ് പെണ്‍കുട്ടികളെ കാണാതായതെന്നാണ് വിവരം. ക്യാംപിലെ ടെന്‍റുകള്‍ അപ്പാടെ ഒഴുകിപ്പോയി. 750 കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. ഇതില്‍ ഇരുപത്തിമൂന്നോളം പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇതുവരെ 24 മരണമാണ് മിന്നല്‍ പ്രളയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറ് കെർ കൗണ്ടിയിലാണ് അതിശക്തമായ മഴയെ തുടർന്ന് പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയിലുണ്ടായ വെള്ളപ്പൊക്കം നാശനഷ്ടത്തിന്റെ തോത് കൂട്ടുകയായിരുന്നു. പുലര്‍ച്ചെയാണ് ഗ്വാഡലൂപ്പെ നദിയില്‍ അപ്രതീക്ഷിതമായി വെള്ളപ്പാച്ചിലുണ്ടായത്. വെള്ളിയാഴ്ച രാവിലെ ദുരന്തപ്രതിരോധ വിഭാഗം മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. വെറും 45 മിനിറ്റുകൊണ്ട് നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയര്‍ന്നു.
A man surveys damage left by a raging Guadalupe River, Friday, July 4, 2025, in Kerrville, Texas. (AP Photo/Eric Gay)
ദുരന്തം ഞെട്ടിച്ചുവെന്നും ഭയാനകമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ദുരന്തബാധിതര്‍ക്ക് ഫെഡറല്‍ സഹായവും ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചു. മേഖലയില്‍ വരുന്ന 48 മണിക്കൂര്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് കോസ്റ്റ് ഗാർഡ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇരുന്നൂറിലധികം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.