യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു.
കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്.
ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍ മുതിര്‍ന്നാല് അവര്‍ നിങ്ങളെത്തേടിവരുമെന്ന സന്ദേശമാണിതെന്നും മംദാനി വ്യക്തമാക്കി. ട്രംപിന്റെ തുടര്‍ച്ചയായുള്ള ആക്ഷേപം തുടര്‍ന്നതോടെ മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളടക്കമുള്ളവര്‍ മംദാനിക്ക് പിന്തുണയുമായി രംഗത്തെത്തി.