രണ്ടാംദിവസവും വെടിനിര്‍ത്തല്‍ ലംഘിക്കാതെ ഇസ്രയേലും ഇറാനും. ഇറാന്‍റെ ആണവകേന്ദ്രങ്ങളില്‍ കനത്ത നാശമുണ്ടായെന്ന വാദത്തെ സ്ഥിരീകരിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളുമായി യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സി രംഗത്തെത്തി. ഇറാനുമായി അടുത്താഴ്ച ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
പരസ്പരം ആക്രമിക്കാത്ത രണ്ടുദിവസങ്ങള്‍ പിന്നിട്ട് ഇസ്രയേലും ഇറാനും. ഇറാന്‍റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം ഫലപ്രദമായില്ലെന്ന ആക്ഷേപങ്ങളോട് ഏറ്റവും വിജയകരമായ ഒരു സൈനീകനീക്കത്തെ മാധ്യമങ്ങള്‍ വില കുറച്ചു കാണുകയാണെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണതീവ്രത കാട്ടുന്ന പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സി പുറത്തുവിട്ടു. ആണവനിലയങ്ങള്‍ക്ക് കേടുപാടുണ്ടായെന്ന് ഇറാന്‍ വിദേശകാര്യവക്താവ് പ്രതികരിച്ചു. അതേസമയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കേണ്ടതില്ലെനിന്ന നിലപാടുമായി മുന്നോട്ടു പോകും. ഇറാന്‍റെ ആണവനിലയങ്ങളില്‍ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകരെയും അനുവദിക്കില്ല. അതേസമയം അടുത്താഴ്ച അമേരിക്ക ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ വ്യക്തമാക്കി. മേഖലയില്‍ ദീര്‍ഘകാലസമാധാനമാണ് ലക്ഷ്യമെന്നാണ് ട്രംപിന്‍റെ വാദം. ഇറാന്‍റെ ഉന്നത സൈനീക ഉദ്യോഗസ്ഥന്‍ അലി ഷദ്മാനിയെ ഇസ്രയേല്‍ വധിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. മൊസാദിനെ സഹായിച്ചെന്ന് കരുതുന്ന ഉദ്യോഗസ്ഥരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കി.