ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിനു മുൻപായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്. സിദ്ദിഖിയ്ക്കായി യുഎസ് നേരത്തേ വലവിരിച്ചിരുന്നു എന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആണവ സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളിലാണു സിദ്ദിഖി പ്രവർത്തിച്ചിരുന്നത്. ഇയാളുടെ പതിനേഴുകാരനായ മകന്‍ അടുത്തിടെയാണ് ഇസ്രയേൽ ആക്രമണത്തിൽ ടെഹ്റാനിൽ വച്ച് കൊല്ലപ്പെട്ടത്. അതേ സമയം വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലിന് കടുത്ത താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ തെറ്റാകുമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
‘ഇസ്രയേൽ ആ ബോംബുകൾ പ്രയോഗിക്കരുത്. അങ്ങനെ നിങ്ങൾ ചെയ്താൽ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോൾത്തന്നെ തിരിച്ചുവിളിക്കണം’ ട്രംപ് കുറിച്ചു. അതേസമയം, ഇസ്രയേൽ ഇറാനെ ആക്രമിക്കില്ലെന്നും മറ്റൊരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. ‘എല്ലാ വിമാനങ്ങളും മടങ്ങും. ആർക്കും പരുക്കുണ്ടാവില്ല, വെടിനിർത്തൽ പ്രാബല്യത്തിലുണ്ട് ! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി’ ട്രംപ് കുറിച്ചു.