ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 23പേര്‍ക്ക് പരുക്കേറ്റു. സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഗിചാക്കയല്‍വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, തൃശൂര്‍ പാവറട്ടി സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, ജസ്നയുടെ 18മാസം പ്രായമായ കുഞ്ഞ് റൂഹി മെഹ്റിന്‍ മുഹമ്മദ്, ഒറ്റപ്പാലം സ്വദേശി റിയ ആന്‍, റിയയുടെ മകള്‍ എട്ടുവയസുകാരി ടൈറ റോഡ്രിഗ്വസ് എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 14 മലയാളികളും കര്‍ണാടക, തമിഴ്നാട്, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നെയ്റോബിയിലെത്തിക്കും. തുടര്‍ന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും