ഹാർവാർഡ് സർവകലാശാലയിലെക്കുള്ള വിദേശ വിദ്യാർഥികളുടെ പ്രവേശനം തടയാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വിദേശവിദ്യാര്‍ഥികളുടെ രേഖകൾ കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സർവകലാശാല മുഖം തിരിച്ചതോടെയാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ കടുത്ത നടപടി. സർവകലാശാലയുമായുള്ള കോടികളുടെ കരാറുകള്‍ റദ്ദാക്കാനും യുഎസ് സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി.
ലോകത്തെ തന്നെ ഏറ്റവും പെരുമയുള്ളതും പഴക്കമേറിയതുമായ സർവകലാശാലകളിലൊന്നാണ് ഹാർവാർഡ് . വർഷം തോറും ആയിരക്കണക്കിന് വിദേശവിദ്യാർത്ഥികളാണ് ഇവിടെ ബിരുദാനന്തര പഠന പ്രവർത്തനങ്ങൾക്കായി പ്രവേശനം നേടുന്നത്. യൂണിവേഴ്സിറ്റി സ്ഥിതിവിവര കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 788വിദ്യാർത്ഥികളടക്കം 2024-2025 അധ്യയന വർഷത്തിൽ 6800ഓളം വിദേശ വിദ്യാർത്ഥികളാണ് സർവകലാശാലയിൽ പ്രവേശനം നേടിയത്. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പ്രതിവർഷം 500 മുതൽ 800വരെ ഇന്ത്യൻ വിദ്യാർത്ഥികളും ഗവേഷകരും ഹാർവർഡിൽ പ്രവേശനം നേടുന്നുണ്ട്.
ട്രംപ് സർക്കാരിന്റെ ആരോപണങ്ങൾ
കടുത്ത തീരുമാനങ്ങൾക്ക് പുറമേ സർവകലാശാലയ്ക്കെതിരെ രൂക്ഷ വിമര്ശനങ്ങളുമാണ് യു.എസ് ആഭ്യന്തര സെക്രട്ടറി ക്രിസ്റ്റി നോം ഉയർത്തിയത്. ഹാർവാർഡ് ക്യാംപസ് ഹമാസ് അനുകൂലസമീപനം പ്രോത്സാഹിപ്പിക്കുന്നുവെന്നും ജൂതവിദ്യാര്ഥികൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് യൂണിവേഴ്‌സിറ്റിയിലേതെന്നുമാണ് ആഭ്യന്തര സെക്രട്ടറി എക്സിലൂടെ ആരോപിച്ചത്. സ്റ്റുഡന്റ്സ് എക്‌സ്‌ചേഞ്ച് ആൻഡ് വിസിറ്റർ പ്രോഗ്രാമിന്റെ കീഴിൽ യു എസിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ കഴിയുന്ന കോളേജുകൾക്കും സർവകലാശാലകൾക്കും മേൽനോട്ടം വഹിക്കുന്നത് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ്. സർകലാശാലകൾക്ക് വിദേശ വിദ്യാത്ഥികളെ ചേർക്കാനും ഉയർന്ന ട്യൂഷൻ പെയ്‌മെന്റുകൾ പ്രയോജനപ്പെടുത്തതാനും കഴിയുക എന്നത് ഒരു അവകാശമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട് . എല്ലാം ശരിയായി ചെയ്യാൻ കഴിയുമായിരുന്ന സാഹചര്യം ഹാർവാർഡ് ഇല്ലാതാക്കിയെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ പോസ്റ്റിൽ പറയുന്നത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയും ട്രംപ് സർക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതക അതിന്‍റെ പാരമ്യത്തിലേക്ക് എത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഭരണകൂടം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും വിദേശ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സർവകലാശാല നൽകുന്നില്ലെന്നും, ലോകത്തിലെ മികച്ച സർവകലാശാല കളുടെ പട്ടികയിൽ ഇനി ഹാർവർഡിനെ പരിഗണിക്കരുത് എന്നുമാണ് ട്രംപ് ട്രൂത് സോഷ്യൽ പ്ലാറ്ഫോമിൽ പറഞ്ഞത്. രാജ്യത്തുടനീളമുള്ള മറ്റ് അക്കാദമിക് സ്ഥാപനങ്ങൾക്കും ഇതൊരു മുന്നറിയിപ്പാണ്.
ട്രംപ് സര്‍ക്കാരിന്‍റെ തീരുമാനത്തോടുള്ള സർവകലാശാല യുടെ നിലപാടെന്ത്?
വിദേശ വിദ്യാർത്ഥികളുടെ എണ്ണം മറ്റ് സര്‍കലാശാലകളെ അപേക്ഷിച്ച് ഹാർവാർഡില്‍ കൂടുതലാണ്. ബിരുദ പ്രോഗ്രാമുകളിൽ രാജ്യാന്തര വിദ്യാർഥികളെ വളരെയധികം ആശ്രയിച്ചു മുന്നോട്ടുപോകുന്ന സർവകലാശാല യാണ് ഹാർവാർഡ്. ഇവിടത്തെ മൊത്തം വിദ്യാർഥികളുടെ 26 ശതമാനം വിദേശികളാണ്. അതു കൊണ്ട് തന്നെ സർക്കാരിന്‍റെ തീരുമാനം നിയമവിരുദ്ധമായ പ്രതികാര നടപടി എന്നാണ് ഹാർവാർഡ് വിശേഷിപ്പിച്ചത്. സർവകലാശാലയുടെ നിർണായക ഗവേഷണ ദൗത്യങ്ങളെ ഇത് ദുര്‍ബലമാക്കുമെന്നും ഹാർവാർഡ് ചൂണ്ടിക്കാണിക്കുന്നു. സർവകലാശാലയുടെ വരുമാനത്തെയും ഇത് ഇല്ലാതാക്കും. അതേസമയം സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്തതോടെ സര്‍വകലാശാലയ്ക്കുള്ള, 200 കോടിയിലധികം ഡോളറിന്‍റെ സഹായധനവും ട്രംപ് ഭരണകൂടം നിര്‍ത്തി. ഇപ്പോൾ പത്തുകോടി ഡോളറിന്‍റെ കരാറുകള്‍ മരവിപ്പിക്കാനുള്ള നീക്കവും നടക്കുകയാണ്. ഒന്‍പതോളം ഫെഡറല്‍ ഏജന്‍സികളുമായുള്ള കരാര്‍ ഇതോടെ ഹാര്‍വാര്‍ഡിന് നഷ്ടമാകുമെന്നാണ് സൂചന
ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കും?
2025 -2026 അധ്യയന വർഷം മുതൽ ഹാർവാര്ഡിനെതിരെയുള്ള സർക്കാർ നടപടി പ്രാബല്യത്തിൽ വരും.സർക്കാർ നീക്കത്തിനെതിരെ സർവകലാശാല ഫയൽ ചെയ്‌ത പരാതിയിൽ ലഭിച്ച സ്റ്റേ പ്രകാരം ഈ സെമസ്റ്ററിൽ ബിരുദ പഠനം പൂർത്തിയാക്കാനായ വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം നേടാൻ അവസരം ലഭിച്ചേക്കും. എന്നാൽ അതിന് ശേഷമുള്ള വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യം അനുകൂലമല്ല. കോഴ്സ് പൂർത്തിയായിട്ടില്ലാത്ത വിദ്യാർഥികൾക്ക് മറ്റ് സർവകലാശാലകളിൽ പ്രവേശനം നേടാനായില്ലെങ്കിൽ യു എസ് വാസം നിയമപരമല്ലാതായി തീരും.