പത്രോസിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പേപ്പല്‍ കോണ്‍ക്ലേവ് രഹസ്യാത്മകകൊണ്ടും പ്രക്രിയകൊണ്ടും ഏറെ സവിശേഷത നിറഞ്ഞതാണ്. പോപ്പിന്റെ തിരഞ്ഞെടുപ്പ് പോലെ മറ്റൊരു തിരഞ്ഞെടുപ്പ് ലോകത്തില്ല. കര്‍ദിനാള്‍ കോണ്‍ക്ലേവില്‍ ആരൊക്കെ പങ്കെടുക്കുന്നു, വോട്ടെടുപ്പ് രീതി എങ്ങനെ, സിസ്റ്റേന്‍ ചാപ്പലിലില്‍ നിന്ന് കറുത്തപുകയും വെളുത്തപുകയും ഉയരുന്നതെങ്ങനെ?
എപ്പോഴാണ് കോണ്‍ക്ലേവ് വിളിച്ചുകൂട്ടുക
സാധാരണയായി ഒരു പോപ്പ് കാലം ചെയ്താല്‍ 15മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് വിളിച്ചുകൂട്ടണം. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവനാണ് കോണ്‍ക്ലേവ് വിളിച്ചുകൂട്ടും. നിലവില്‍ ഇറ്റലിയില്‍ നിന്നുള്ള കര്‍ദിനാള്‍ ജിയോവനി ബാറ്റസ്റ്റയാണ് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍. കത്തോലിക്കസഭയിലാകെ 252 കര്‍ദിനാള്‍മാരാണുള്ളത്. ഇതില്‍ 80വയസില്‍ താഴെയുള്ളവര്‍ക്കാണ് പോപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളൂ.
എത്രപേര്‍ക്കാണ് വോട്ടവകാശം
135കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. യൂറോപ്പില്‍ നിന്ന് 53പേര്‍ ഏഷ്യയില്‍ നിന്ന് 23പേര്‍. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നാലുപേരും ഉള്‍പ്പെടുന്നു. ലാറ്റിനമേരിക്കയില്‍ നിന്ന് 21പേര്‍ക്കും ആഫ്രിക്കയില്‍ നിന്ന് 18പേര്‍ക്കും നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 16പേര്‍ക്കും ഓഷ്യാനയില്‍ നിന്ന് നാലുപേര്‍ക്കുമാണ് വോട്ടവകാശമുള്ളത്. കര്‍ദിനാള്‍ കോണ്‍ക്ലേവ് വിളിച്ചുചേര്‍ത്താല്‍ വോട്ടവകാശമുള്ളവരെല്ലാം താമസിക്കുന്നത് സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലായിരിക്കും. അഞ്ച് നിലകളുള്ള ഈ ഗസ്റ്റ് ഹൗസില്‍ 106 സ്വീറ്റുകളും 22 സിംഗിള്‍ റൂമുകളും ഉണ്ട്. ഇതിലായിരിക്കും കര്‍ദിനാള്‍മാരുടെ താമസം.
കോണ്‍ക്ലേവ് നടപടി ക്രമം എങ്ങനെ
കോണ്‍ക്ലേവ് തുടങ്ങുന്നത് വിശുദ്ധകുര്‍ബാനയോട് കൂടിയാണ്. സിസ്റ്റേന്‍ ചാപ്പലിന് അകത്ത് പ്രവേശിച്ചാല്‍ പുറംലോകവുമായി ഒരുബന്ധവും ഉണ്ടാകില്ല. രഹസ്യക്യാമറകള്‍ ഇല്ലാത്ത സിസ്റ്റേന്‍ ചാപ്പലിന് അകത്ത് കയറിയാല്‍ സത്യപ്രതിജ്ഞയ്ക്കുശേഷമാണ് വോട്ടടെുപ്പ് പ്രക്രിയ തുടങ്ങുക. കുമ്പസാരിപ്പിക്കാന്‍ എത്തുന്നവര്‍ക്കുംചടങ്ങുകളുടെ തലവന്മാര്‍ക്കും പാചകര്‍ക്കാര്‍ക്കും പരിചാരകര്‍ക്കും മാത്രമാണ് കോണ്‍ക്ലേവ് ദിവസങ്ങളില്‍ പ്രവേശനമുള്ളു.
കോണ്‍ക്ലേവ് ദിവസങ്ങളില്‍ കര്‍ദിനാള്‍മാര്‍ക്ക് ടിവി കാണാനോ റേഡിയോ നോക്കാനോ പത്രമാധ്യമങ്ങള്‍ വായിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവാദമില്ല. കോണ്‍ക്ലേവ് തുടങ്ങുന്ന ദിനം ഒരുവോട്ടെടുപ്പ് നടക്കും. പിറ്റേന്ന് രാവിലെയും വൈകിട്ടുമായി നാലുവട്ടം വോട്ടെടുപ്പ് നടക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്ന ആള്‍ ആഗോള കത്തോലിക്ക സഭയുടെ തലവനാകും. ദീര്‍ഘചതുരാകൃതിയിലുള്ള ബാലറ്റില്‍ ഞാന്‍ ഇന്നയാളെ അതായത് കര്‍ദിനാളിന്റെ പേര് പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കുന്നുവെന്ന് എഴുതണം. സീനിയോറിറ്റി അനുസരിച്ചാണ് വരിയായി നിന്ന് ബാലറ്റ് നിക്ഷേപിക്കുന്നു.
എത്രദിവസം നീളാം
പുതിയ പോപ്പിനെ കണ്ടെത്താനുള്ള കോണ്‍ക്ലേവ് രണ്ടുവര്‍ഷം വരെ നീണ്ട ചരിത്രമുണ്ട്. 1268ലെ ഗ്രിഗറി പത്താമന്റെ തിരഞ്ഞെടുപ്പാണ് ഇങ്ങനെ വര്‍ഷങ്ങള്‍ നീണ്ടത്. രണ്ടുവര്‍ഷവും ഒന്‍പതുമാസവും എടുത്തു അന്ന്. എന്നാല്‍ പിന്നീട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തി. ഇരുപതാം നൂറ്റാണ്ടുമുതല്‍ ശരാശരി മൂന്ന് ദിവസമാണ് കോണ്‍ക്ലേവ് നീണ്ട‌് നില്‍ക്കുന്നത്. 1922ല്‍ അഞ്ചുദിവസമെടുത്ത കോണ്‍ക്ലേവാണ് ഇരുപതാം നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ കോണ്‍ക്ലേവ്.
എപ്പോഴാണ് പുക ഉയരുക
കോണ്‍ക്ലേവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളാണ് പുതിയ പോപ്പ്. ആദ്യദിനത്തിലെ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ബാലറ്റുകള്‍ ഓരോ വോട്ടെടുപ്പിന് ശേഷവും കത്തിക്കും. ഇതിനായി സിസ്റ്റേന്‍ ചാപ്പലില്‍ രണ്ട് ചൂളകളുണ്ട്. വലതുവശത്തെ ചൂളയില്‍ ബാലറ്റും ഇടതുവശത്തെ ചൂളയില്‍ രാസവസ്തുവും കത്തിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സിസ്റ്റേന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുക ഉയരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്റ്റേന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയരും. ഹബേമൂസ് പാപ്പാം, അതായത് നമുക്കൊരു പാപ്പയെ കിട്ടി എന്നര്‍ഥം. പുതിയ പോപ്പിനെ തിരഞ്ഞെടുത്തുകഴിയുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കര്‍ദിനാള്‍ തിരുസംഘത്തിന് മുന്നില്‍ ഞാന്‍ ഈ ചുമതല സ്വീകരിക്കുന്നുവെന്നും പോപ്പായി ഏതുപേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നു. ഇതിനുശേഷം പുതിയ പോപ്പിനെ സിസ്റ്റേന്‍ ചാപ്പലിലെ കണ്ണീര്‍ മുറിയിലേക്ക് കൊണ്ടുപോകും. ഇവിടെ വച്ചാണ് സ്ഥാനീയ വസ്ത്രങ്ങള്‍ അണിയിക്കുന്നത്. ആ നിമിഷത്തിന്റെ ഭാരത്താല്‍ കരഞ്ഞതിന്റെ വിവരങ്ങളില്‍ നിന്നാണ് കണ്ണീര്‍ മുറിയെന്ന പേരുവീണത്.