jk-rowling

TOPICS COVERED

ട്രാന്‍സ്​ജെന്‍ഡറുകള്‍ നിയമപരമായി സ്ത്രീകളല്ല എന്ന യുകെ സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ.റൗളിങ്. വിധിയിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്നാണ് റൗളിങ് കുറിച്ചത്. സ്ത്രീ എന്നതിന്‍റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചത്. 

സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റൗളിങ്ങിന്‍റെ ആഹ്ളാദപ്രകടനം. എ ടീം എന്ന യു.എസ് സീരീസിലെ വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗിനൊപ്പമാണ് റൗളിങ് പോസ്റ്റ് പങ്കുവെച്ചത്. സുപ്രീംകോടതി, വിമണ്‍ റൈറ്റ്‌സ് തുടങ്ങിയ ഹാഷ്​ടാഗുകളും ഇതോടൊപ്പം പങ്കുവച്ചു.

"ഈ കേസ് സുപ്രീം കോടതിയിൽ എത്തിക്കാൻ മൂന്ന് അതിസാധാരണവും ദൃഢനിശ്ചയമുള്ളതുമായ മൂന്ന് സ്കോട്ടിഷ് സ്ത്രീകളും അവരുടെ പിന്നാലെ നിൽക്കുന്ന വലിയൊരു സംഘവും വേണ്ടിവന്നു. അവർ വിജയിച്ചപ്പോൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ യുകെയിലാകെ സംരക്ഷിക്കപ്പെട്ടു. അതീവ അഭിമാനമുണ്ട്,' എന്നാണ് മറ്റൊരു പോസ്റ്റില്‍ റൗളിങ് കുറിച്ചത്. 

ട്രാന്‍സ് വിരുദ്ധതയുടെ പേരില്‍ മുമ്പും വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് റൗളിങ്. 2022ല്‍ ആര്‍ത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്‍റെ തലക്കെട്ടില്‍ 'പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്' (ആര്‍ത്തവമുള്ള ആളുകള്‍) എന്ന പ്രയോഗത്തെ വിമര്‍ശിച്ച് റൗളിങ് രംഗത്തെത്തിയിരുന്നു. 'പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്', അതിനൊരു പേര് പറയുമായിരുന്നല്ലോ, വുംബെന്‍, വിംബണ്ട്, വൂമഡ്? സഹായിക്കൂ' എന്നാണ് റൗളിങ് എക്​സില്‍ കുറിച്ചത്. പിന്നാലെ ഹാരി പോട്ടര്‍ സിനിമയിലെ താരങ്ങളായ ഡാനിയേൽ റാഡ്ക്ലിഫ്, എമ്മ വാട്സൺ, റൂപർട്ട് ഗ്രിന്റ്, എഡ്ഡി റെഡ്മെയ്ൻ ഉള്‍പ്പെടെയുള്ളവര്‍ റൗളിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

The UK Supreme Court has ruled that transgender individuals are not legally recognized as women, prompting author J.K. Rowling to express her happiness over the verdict. Rowling stated that the ruling upholds and protects women's rights.