lufthansa-germany

മധ്യപൂര്‍വേഷ്യ യുദ്ധസമാന സ്ഥിതിയിലൂടെ കടന്നു പോകുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയും വഴി തിരിച്ച് വിട്ടും രാജ്യങ്ങള്‍. ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡുമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.  ജര്‍മനിയില്‍ നിന്നുള്ള ലുഫ്താന്‍സ എയര്‍ലൈന്‍സ്  മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി വച്ചു. യുദ്ധമേഖല വഴി ഒരു സര്‍വീസും നടത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

ISRAEL-LEBANON-PALESTINIAN-CONFLICT

ഇറാന്‍ ഇസ്രയേലിന് മേല്‍ വ്യോമാക്രമണം നടത്തുന്ന സമയത്ത് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഹൈദരാബാദിലേക്കുള്ള LH 752 വിമാനവും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുംബൈയിലേക്കുള്ള LH 756 വിമാനവും തുര്‍ക്കിക്ക് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആക്രമണമുണ്ടായതായി വിവരം ലഭിച്ചതിന് പിന്നാലെ വിമാനങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ഇന്ന് പുലര്‍ച്ചെ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും റദ്ദാക്കി. 

ഇറാന്‍, ഇറാഖ്, ജോര്‍ദന്‍ എന്നീ രാജ്യങ്ങളുടെ ആകാശമാണ് സ്വിറ്റ്സര്‍ലന്‍ഡ് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യ, ദുബായ്, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം വര്‍ധിക്കും. ഹ്രസ്വകാലത്തേക്കുള്ള ക്രമീകരണം മാത്രമാണിതെന്നും ഒക്ടോബര്‍ 31 വരെ ഇസ്രയേലിനും ലബനനും മുകളിലൂടെ പറക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സൂറിച്ചില്‍ നിന്നും ദുബൈയിലേക്കുള്ള ഇന്നലത്തെ വിമാനങ്ങള്‍ തുര്‍ക്കിയിലെ അന്‍റാലിയ വഴിയാണ് സര്‍വീസ് നടത്തിയത്. ഇത് ദൈര്‍ഘ്യമേറിയ റൂട്ടായതിനാല്‍ അന്‍റാലിയയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനങ്ങള്‍ ദുബായിലേക്ക്  പറന്നത്.

ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കുന്നതായി ലുഫ്താന്‍സ വക്താവും അറിയിച്ചു. വിമാന സര്‍വീസുകള്‍ കൃത്യമായി വിലയിരുത്തുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും എയര്‍ഇന്ത്യ വക്താവും അറിയിച്ചു. ആവശ്യമെങ്കില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തുമെന്നും നിലവിലെ സര്‍വീസുകളെ ബാധിക്കാത്ത രീതിയിലാകും ക്രമീകരണങ്ങളെന്നും എയര്‍ ഇന്ത്യയും അറിയിച്ചു. 

ENGLISH SUMMARY:

we are no longer flying through the airspace’s of Iraq, Iran and Jordan-says Lufthansa's spokeperson. Restrictions imposed due to Iran-Israel tensions.