കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്. അല്‍ഹിന്ദ് എയര്‍ എന്ന പേരിലാണ് കമ്പനി സ്ഥാപിക്കുക. വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി അൽഹിന്ദ് ഗ്രൂപ്പ് അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
മൂന്ന് എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സർവീസുകൾ നടത്തി കമ്പനി ആരംഭിക്കാനാണ് പദ്ധതി. രണ്ട് വര്‍ഷങ്ങത്തിനകം ഇരുപത് വിമാനങ്ങൾ വാങ്ങും. ആഭ്യന്തര രംഗത്ത് ചുവടുറപ്പിച്ചശേഷം രാജ്യാന്തര സർവീസുകളിലേക്ക് പ്രവർത്തനം വിപുലീകരിക്കും. ആദ്യ രാജ്യാന്തര സർവീസ് യുഎഇയിലേക്ക് ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. 19 വർഷത്തോളമായി യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട് അൽ ഹിന്ദ് ഗ്രൂപ്പ്.
പ്രവാസികൾക്കായി വിപണിയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായിട്ടായിരിക്കും അൽഹിന്ദ് എയറിന്റെ പ്രവർത്തനം. രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളെയെല്ലാം ബന്ധിപ്പിച്ച് സർവീസ് നടത്താനുള്ള പദ്ധതികളെല്ലാം സജ്ജമാണെന്നും അൽഹിന്ദ് ഗ്രൂപ്പ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇരുപതിനായിരം കോടിയില്‍ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130-ല്‍ കൂടുതല്‍ ഓഫീസുകളും ഉണ്ട്.