trump-tshirt

TOPICS COVERED

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെയുണ്ടായ ആക്രമണമാണ് ലോകമെമ്പാടുമുള്ള ചര്‍ച്ചവിഷയം. വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായാണ് ട്രംപ് രക്ഷപ്പെട്ടത്. ഈ വാര്‍ത്തയും മുഖത്ത് ചോരവാര്‍ന്ന നിലയില്‍ വേദിയില്‍ നിന്ന് സുരക്ഷാസേന പുറത്തെത്തിക്കുന്ന ട്രംപിന്‍റെ ചിത്രങ്ങളും ഞൊടിയിടയില്‍ ലോകരാജ്യങ്ങളിലൊട്ടാകെ ചര്‍ച്ചയായി. അതിനിടെ ട്രെന്‍ഡിങ് ആകുന്ന ട്രംപ് ടീ– ഷര്‍ട്ട് വില്‍പ്പനയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. 

മുഖത്ത് ചോരയുമായി നില്‍ക്കുന്ന ട്രംപിന്‍റെ ചിത്രം പതിച്ച ടീ– ഷര്‍ട്ടുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ചൈനയില്‍ അലിബാബയുടെ നേതൃത്വത്തിലുള്ള പ്രമുഖ ഓണ്‍ലൈന്‍ കച്ചവട സൈറ്റായ ടവോബവോയിലടക്കം ടീ– ഷര്‍ട്ട് വില്‍പ്പനയ്ക്കെത്തി. ലീ ജിന്‍വെയ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ടീ– ഷര്‍ട്ട് വില്‍പ്പനയ്ക്കെത്തിച്ചത്. വളരെ സിംപിളായി ഇന്‍റര്‍നെറ്റില്‍ നിന്ന് ട്രംപിന്‍റെ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് അത് ടീ– ഷര്‍ട്ടിലേക്ക് പതിപ്പിക്കുകയായിരുന്നുവെന്നാണ് ജിന്‍വെയ് പ്രതികരിച്ചത്. 

ട്രംപിന് വെടിയേറ്റ് മൂന്നുമണിക്കൂറുകള്‍ക്കുള്ളില്‍ ഹെബെയ് പ്രവിശ്യയിലുള്ള ഇവരുടെ ഫാക്ടറിയിലേക്ക് എത്തിയത് ആയിരക്കണക്കിന് ഓര്‍ഡറാണ്. ഓണ്‍ലൈന്‍ സൈറ്റില്‍ ടീ– ഷര്‍ട്ട് പ്രിന്‍റ് ചെയ്യും മുന്‍പേ ഒരു പരസ്യം നല്‍കി, ഇതിനു ലഭിച്ച പ്രതികരണം അവിശ്വസനീയമായിരുന്നു. ചൈനയിലും യു.എസില്‍ നിന്നുമുള്ള ഓര്‍ഡറുകളായിരുന്നു കൂടുതലും. ചൈനയില്‍ ട്രംപിന് ഒട്ടേറെ ആരാധകരുണ്ട്, വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കുമെന്നാണ് കരുതുന്നതെന്നും ജിന്‍വെയ് കൂട്ടിച്ചേര്‍ത്തു.

പെന്‍സില്‍വാനിയയിലെ റാലിക്കിടെയായിരുന്നു ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വലതു ചെവിയുടെ മുകൾഭാഗത്തേറ്റ മുറിവൊഴികെ മറ്റ് പരുക്കുകളില്ല. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ വേദിയില്‍ ചെവികൾ അടച്ചുപിടിച്ചുകൊണ്ട് പ്രസംഗപീഠത്തിനു താഴെ കുനിഞ്ഞിരിക്കുകയാണ് ട്രംപ് ചെയ്തത്. സുരക്ഷാഭടന്മാർ അദ്ദേഹത്തിനു മേൽ കമിഴ്ത്തു കിടന്നു.

ഒരു മിനിറ്റിനകം ചോരവാർന്നൊഴുകുന്ന മുഖവുമായി എഴുന്നേറ്റ ട്രംപ് സുരക്ഷാ അകമ്പടിയോടെ വേദിവിടുന്നതിനിടെ മുഷ്ടി ചുരുട്ടി ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്ന്  വിളിച്ചുപറഞ്ഞു. കാറ്റിൽ പറക്കുന്ന അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിലുള്ള ഇതിന്‍റെ ഫോട്ടോയും ലോകശ്രദ്ധയാകര്‍ഷിച്ചു.  സംഭവത്തില്‍ ട്രംപിന്‍റെ തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ വെടിയേറ്റു മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമുണ്ടായി.

 വേദിയിൽനിന്ന് 140 മീറ്റർ അകലെയുള്ള കെട്ടിടത്തിന്‍റെ മേ‍ൽക്കൂരയിൽ നിന്നു ട്രംപിനു നേരെ 4 തവണ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിനെ എന്ന ഇരുപത് വയസ്സുകാരനെ സുരക്ഷാസംഘാംഗങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വെടിവച്ചുകൊന്നു. ‘എന്‍റെ വലതുചെവിയുടെ മുകള്‍വശം തുളച്ചാണ് ആ വെടിയുണ്ട കടന്നുപോയത്. സീല്‍ക്കാരശബ്ദത്തോടെ എന്തോ ഒന്ന് കടന്നുപോയി എന്നെ തൊട്ട് കടന്നുപോയി, ആ നിമിഷം അപകടം മണത്തു. ചോര കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് മനസ്സിലായത്’ എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണം. 

ട്രംപിന്‍റെ  ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്ന വാചകവും ‘ഇത് എന്നെ കൂടുതല്‍ കരുത്തനാക്കുന്നു’ (Shooting Makes Me Stronger), ‘ഇവിടംകൊണ്ട് അവസാനിക്കുന്നില്ല’ (I Will Never Stop) തുടങ്ങിയ വാചകങ്ങളുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്ന ടീ– ഷര്‍ട്ടുകളില്‍ കൂടുതലും കാണുന്നത്.