ജോലിക്ക് എടുക്കാത്തതിന്‍റെ പേരില്‍ അമേരിക്കൻ സ്റ്റാർട്ടപ്പ് സ്ഥാപകന് ഇന്ത്യക്കാരന്‍റെ വക തെറിയഭിഷേകം. അമേരിക്കൻ സംരംഭകനും കാറ്റോഫ് ഗെയ്മിങ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ ആൻറണി ക്ലോറിനാണ് ദുരനുഭവം ഉണ്ടായത്. ജോലിക്ക് എടുക്കാത്തതിനാണ് ഒരു ഇന്ത്യൻ ഉദ്യോഗാർഥി ക്ലോറിനെതിരെ മോശം പദപ്രയോഗം നടത്തിയത്. ജോലി അപേക്ഷകന്റെ അടുത്ത് നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതിനെക്കുറിച്ച് ക്ലോർ തന്നെയാണ് എക്സിൽ പോസ്റ്റ് ചെയ്തത്.
തനിക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ സ്വദേശിയായ ക്ലോർ നിലവിൽ ബംഗളൂരുവിലാണ് താമസിക്കുന്നത്. ‘ജോലിക്കുള്ള അപേക്ഷ നിരസിക്കുന്നത് ഉൾക്കൊള്ളാൻ ചിലപ്പോൾ ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് സാധിക്കാറില്ല’ എന്ന ക്യാപ്ഷനോടെയാണ് ക്ലോർ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.