Image Credit: parishilton / Instagram
കൗമാരത്തില്‍ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് അമേരിക്കൻ സോഷ്യലിസ്റ്റും മാധ്യമ പ്രവർത്തകയുമായ പാരിസ് ഹിൽട്ടൺ. റസിഡൻഷ്യൽ യൂത്ത് പ്രോഗ്രാമിൽ ആയിരുന്ന കാലത്ത് തനിക്ക് ബലം പ്രയോഗിച്ച് മരുന്ന് നല്‍കിയതായും ജീവനക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി. യുവതിയെ തടഞ്ഞു നിര്‍ത്തി ഇടനാഴിയിലൂടെ വലിച്ചിഴച്ചെന്നും നഗ്നയാക്കി ഏകാന്ത തടവറയിലേക്ക് വലിച്ചെറിഞ്ഞെന്നും പാരിസ് ഹിൽട്ടൺ കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി നാല് വ്യത്യസ്ത യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചതായി യുവതി പറയുന്നു. മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ക്ക് വിപരീതമായി പെരുമാറിയതുകൊണ്ടാണ് അവർ തന്നെ യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചത്. എന്നാല്‍, പ്രശ്നബാധിതരായ കൗമാരക്കാരെ അച്ചടക്കം പഠിപ്പിക്കുന്നുവെന്ന വ്യാജ പരസ്യങ്ങളിൽ അവർ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നു പാരിസ് ഹില്‍ട്ടണ്‍ പറയുന്നു.
തനിക്ക് ഒറ്റപ്പെടലിന്‍റെയും മാനസിക സമ്മര്‍ദത്തിന്‍റെയും ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് എന്താണ് സ്ഥാപനത്തില്‍ നടക്കുന്നതെന്ന് ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി.
പ്രണയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക, സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ പെരുമാറ്റ പരിഷ്കരണങ്ങള്‍ നടത്തുന്ന ഇത്തരം ചികില്‍സാ ബോർഡിംഗ് സ്കൂളുകൾ, മിലിട്ടറി-സ്റ്റൈൽ ബൂട്ട് ക്യാമ്പുകൾ, ജുവനൈൽ ജസ്റ്റിസ് സൗകര്യങ്ങൾ, എന്നിവ 50 ബില്യൺ ഡോളർ വ്യവസായമാണ് നടത്തിവരുന്നത്. ഇത്തരം യുവജന കേന്ദ്രങ്ങളില്‍ പെരുമാറ്റ പരിഷ്കരണത്തിന്‍റെ പേരില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് പുറംലോകത്തെത്തിക്കുക പ്രയാസമാണ്.
ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ തുറന്നു പറഞ്ഞാലും മാതാപിതാക്കളടക്കം ആരും അവരെ വിശ്വസിക്കുന്നില്ല. കാരണം, അവിടെ നിന്നു രക്ഷപ്പെട്ട് തിരികെ വീട്ടില്‍ പോകാന്‍ ശ്രമിക്കുകയാണെന്ന് സ്ഥാപനങ്ങള്‍ വരുത്തി തീര്‍ക്കും.
റസിഡൻഷ്യൽ യൂത്ത് പ്രോഗ്രാമുകളുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത സ്റ്റോപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ചൈൽഡ് അബ്യൂസ് ആക്ട് പാസാക്കണമെന്ന് ഹിൽട്ടൺ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെടുകയും, യുവജന സൗകര്യങ്ങളിലുള്ള കുട്ടികൾക്കായുള്ള ‘ ബിൽ ഓഫ് റൈറ്റ്സ്’-നു വേണ്ടി വാദിക്കുകയും ചെയ്തു.