ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ഒമാനിൽ നാളെ (തിങ്കൾ) ആണ് ബലിപെരുന്നാൾ .
ദൈവകല്‍പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകളാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററുമാണ് ദുബായിലെ ഈദ് ഗാഹുകൾ ഒരുക്കുന്നത്. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററിൽ മൗലവി മന്‍സൂര്‍ മദീനിയും ഖിസൈസ് ടാര്‍ഗെറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടിൽ മൗലവി ഹുസൈന്‍ കക്കാടും ഈദ് ഗാഹിന് നേതൃത്വം നല്‍കും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ മലയാളം ഈദ് ഗാഹിന് ഹുസൈൻ സലഫിയാണ് നേതൃത്വം നൽകുക. പതിനായിരകണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളാകും.
യുഎഇയിൽ അബുദാബി എമിറേറ്റിൽ പുലർച്ചെ 5.50 ആണ് പ്രധാനാസമയം. ദുബായിൽ- 5.45 നും, ഷാർജ- അജ്മാൻ എമിറേറ്റുകളിൽ- 5.44 നും, ഉമ്മുൽഖുവെയ്നിൽ- 5.43 നും, റാസൽഖൈമയിൽ 5.41 നും, ഫുജൈറയിള- 5.42 നുമായിരിക്കും പ്രാർഥന. അതേസമയം സൗദി , ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. യുഎഇ പ്രസിഡന്‍റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു.