യുഎഇയിൽ നിയമവിധേയമായ ഗർഭഛിദ്രത്തിനുള്ള നടപടിക്രമങ്ങൾ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം. അഞ്ച് സാഹചര്യങ്ങളിൽ മാത്രമേ ഗർഭഛിദ്രം അനുവദിക്കാവൂവെന്നും അത് ഗർഭിണിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാകരുതെന്നും നിർദേശം.
സമീപകാലത്താണ് യുഎഇ ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. അപ്പോഴും നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. എന്നാൽ കഴിഞ്ഞവർഷം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള സമ്മതനിയമം രാജ്യം ലംഘൂകരിച്ചു. ഗർഭിണിയുടെ ജീവനോ കുഞ്ഞിന്റെ ജീവനോ അപകടത്തിലാണെങ്കിൽ, ഭർത്താവിന്റെ അനുമതി ഇല്ലാതെ തന്നെ ആരോഗ്യപ്രവർത്തകർക്ക് ഗർഭഛിദ്രം നടത്താമെന്നായിരുന്നു ഭേദഗതി. ഇതിന് പിന്നാലെയാണ് ഗർഭഛിദ്രം സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുടെയും നിയന്ത്രണങ്ങളുടെയും ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
ഗർഭിണിയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടെങ്കിൽ ഗർഭഛിദ്രം നടത്താം. എന്നാൽ ഗർഭകാലം 120 ദിവസം പിന്നിട്ടവരിൽ ഗർഭഛിദ്രം നടത്തരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗർഭഛിദ്രത്തിന്റെ അപേക്ഷകൾ പരിഗണിക്കാൻ ഹെൽത്ത് അതോറിറ്റികൾക്ക് കീഴിൽ സമിതി വേണം. ആരോഗ്യമന്ത്രാലയമോ എമിറേറ്റുകളിലെ ആരോഗ്യവകുപ്പ് മേധാവികളോ നേതൃത്വം നൽകുന്ന സമിതിയിൽ ഗൈനക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും ഉൾപ്പെടെ മൂന്നു ഡോക്ടർമാരും ഒരു പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധിയും ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള വിദഗ്ധോപദേശം തേടാനും സമിതിക്ക് അനുമതിയുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ ലൈസൻലുള്ള വിദഗ്ധർ മാത്രമേ ഗർഭഛിദ്രം നടത്താവൂ. അതേസമയം ഗർഭിണിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുകാൻ ഗർഭഛിദ്രം വഴിവയ്ക്കുമെങ്കിൽ അത് ചെയ്യാൻ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.