ebrahim-raisi-new

TOPICS COVERED

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അപകടത്തിന് മുന്‍പ് ഹെലികോപ്ടര്‍ നിര്‍ദ്ദിഷ്ടപാതയില്‍ തന്നെയാണ് സഞ്ചരിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപകടസ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ ഇറാനിയൻ സായുധ സേന ജനറൽ സ്റ്റാഫ് ആണ് പുറത്തുവിട്ടത്. 

പര്‍വതപ്രദേശത്ത് ഇടിച്ചുകയറുന്നതിന് മുന്‍പ് ഹെലികോപ്റ്റർ നിര്‍ദ്ദിഷ്ട പാത റൂട്ട് പിന്തുടരുകയായിരുന്നുവെന്നും യാത്രവേളയില്‍ യാതൊരു വ്യതിയാനവും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഹെലികോപ്റ്ററിന് തീപിടിച്ചു. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളുടെ ദ്വാരങ്ങളുടെയോ സമാനമായ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

അപകടത്തിന് മുന്‍പ് ഹെലികോപ്റ്ററില്‍ നിന്നും ഗ്രൗണ്ട് കണ്‍ട്രോള്‍ യൂണിറ്റിലേക്കുള്ള സന്ദേശങ്ങളിലും അസാധാരണമായൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്‍റിന്‍റെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ കരങ്ങടക്കം അപകടത്തിന് പിന്നില്‍ സംശയിച്ചിരുന്നു. 

അതേസമയം ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസിയുടെ ഭൗതികശരീരം വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും വിശുദ്ധമായ ഷിയാ പള്ളിയായ മഷാദിലെ ഇമാം റെസ പള്ളിയില്‍ സംസ്കരിച്ചു. ഈ പള്ളിയില്‍ സംസ്കരിക്കുന്ന ആദ്യ മുന്‍നിര രാഷ്ട്രീയ നേതാവാണ് റെയ്സി. മേയ് 19 തിന് അസര്‍ബൈജാന്‍– ഇറാന്‍ അതിര്‍ത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് ഇബ്രാഹിം റഈസി സഞ്ചരിച്ച അമേരിക്കന്‍‌ നിര്‍മിത ബെല്‍ 212 ഹെലികോപ്റ്റര്‍‍ തകര്‍ന്നത്. ഒരു ദിവസത്തിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. 

ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. പ്രസിഡന്‍റിനെ കൂടാതെ, ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദു‍ല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്‍റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.