ചിത്രം: X
കിര്‍ഗിസ്ഥാനിലെ സംഘര്‍ഷത്തില്‍ അവിടെയുളള ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നുവെന്ന് ഇന്ത്യന്‍ എംബസി. സ്ഥിതി ശാന്തമാണെങ്കിലും പുറത്തിറങ്ങരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു. വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. സമൂഹമാധ്യമമായ എക്സിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കറും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ബിഷേകിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ തന്നെയാണ് രാജ്യത്തിന് പ്രധാനമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ മൂന്ന് പാക് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
മേയ് പതിമൂന്നിന് കിര്‍ഗിസ്– ഇജീപ്ഷ്യന്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൈവിട്ടുപോയതെന്നാണ് പാക്കിസ്ഥാന്‍ എംബസി പറയുന്നത്. അക്രമാസക്തരായ ജനക്കൂട്ടം ബിഷേകിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ഹോസ്റ്റലുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലദേശില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് ഈ സര്‍വകലാശാലകളിലുള്ളത്.